അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ജോസഫ് ആവേശം മൂത്ത് ചാടി ഇറങ്ങിയെങ്കിലും പിന്നെ വിളിച്ചിറക്കിയാലും വരില്ലെന്നായി; കാനഡയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് നടന്‍ ഗണപതി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗണപതി. ഇപ്പോഴിതാ ‘ജാന്‍ എ മന്‍’ എന്ന ചിത്രത്തിന്റെ കാനഡയിലെ ഷൂട്ടിംഗ് അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗണപതി ഇപ്പോള്‍. അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ജോസഫ് ആവേശം മൂത്ത് ചാടി ഇറങ്ങിയെങ്കിലും പിന്നെ വിളിച്ചിറക്കിയാലും വരില്ലെന്ന് താരം പറയുന്നു.

പ്രതികൂല കാലാവസ്ഥയില്‍ ആയിരുന്നു ഷൂട്ടിംഗ്. മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ താപനില പലപ്പോഴും താഴ്ന്നു. ലെന്‍സൊക്കെ തണുത്തുറഞ്ഞു പോയ സമയമുണ്ട്. തണുപ്പു കാരണം രാവിലെ 11 മുതല്‍ ഉച്ചയ്ക്കു 3 വരെയേ ഷൂട്ടിംഗ് നടക്കൂ.

അന്നു വരെ മഞ്ഞു കണ്ടിട്ടില്ലാത്ത ബേസില്‍ ആദ്യം ആവേശം മൂത്തു ചാടിയിറങ്ങിയെങ്കിലും പിന്നെപ്പിന്നെ വിളിച്ചിറക്കിയാലും വരില്ല എന്നായി. കുറ്റം പറയാനാകില്ല. നടക്കുമ്പോള്‍ മുട്ടൊപ്പം മഞ്ഞിലാണ്ടു പോകും. നല്ല ശാരീരികാധ്വാനം ഉണ്ടെങ്കിലേ നടക്കാനാകൂ.

അതിനു സമ്മതിക്കാത്ത രീതിയില്‍ എല്ലു വരെ മരവിക്കുന്ന തണുപ്പും. ബേസിലിനെ പരമാവധി കഷ്ടപ്പെടുത്തിയും ചൂഷണം ചെയ്തുമാണു ആദ്യ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്. എങ്കിലും, ആ രംഗങ്ങളെപ്പറ്റി ഇനിയും പ്രേക്ഷകരോടു വെളിപ്പെടുത്താത്ത ഒരു സര്‍പ്രൈസ് ഉണ്ട്.

അതെന്താണെന്ന് പക്ഷേ ഇപ്പോള്‍ പറയുന്നില്ല എന്നാണ് ഗണപതി പറയുന്നത്. ഗണപതിയുടെ സഹോദരന്‍ കൂടിയായ ചിദംബരം ആണ് ജാന്‍ എ മന്‍ സംവിധാനം ചെയ്തത്. ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍ എ മനില്‍ വേഷമിട്ടത്.

Vijayasree Vijayasree :