‘ഗംഗുഭായ് കത്ത്യാവാടി’ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍…, ചിത്രം കണ്ടവര്‍ എട്ട് മിനിറ്റോളം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു; സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലി

ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ഭന്‍സാലി ഒരുക്കിയ ‘ഗംഗുഭായ് കത്ത്യാവാടി’ കഴിഞ്ഞ ദിവസം 72-ാമത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബെര്‍ലിന്‍ തിയേറ്ററില്‍ ചിത്രം കണ്ട 800 പേര്‍ ചിത്രം ആസ്വദിക്കുകയും അതിനു ശേഷം എട്ട് മിനിറ്റോളം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ചെയ്തെന്ന് പറയുകയാണ് സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലി.

2022-ലെ ബെര്‍ലിനേല്‍ വേദിയില്‍ തന്റെ സ്വന്തം സിനിമ വീണ്ടും കാണാന്‍ തനിക്ക് പദ്ധതിയുണ്ടായിരുന്നില്ലെന്നും സഞ്ജയ് പറഞ്ഞു. എന്നാല്‍ സിനിമ ആരംഭിച്ച ശേഷം മുഴുവന്‍ ഇരുന്ന് കാണുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. എന്നാല്‍ ചിത്രം ആരംഭിച്ച ശേഷം അതില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ചിത്രം കണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന അവസ്ഥ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. റെഡിഫിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് ലീല ഭന്‍സാലി ഇക്കാര്യം പറഞ്ഞത്.

”ബിര്‍ജു മഹാരാജിന്റെയും ലതാജിയുടെയും അമ്മയുടെയും അനുഗ്രഹവും എനിക്കും കഠിനാധ്വാനത്തിനും ഒപ്പമുണ്ട്. ബെര്‍ലിനിലെ സദസ്സ് ധോലിഡ എന്ന ഗാനത്തിന് കൈയടിച്ചു. എന്റെ സിനിമയിലെ സംഗീതവും തമാശയും അവര്‍ ആസ്വദിച്ചു. സിനിമ തീര്‍ന്നതിന് ശേഷം അവര്‍ എട്ട് മിനിറ്റ് എഴുന്നേറ്റു നിന്ന് കൈയടിച്ചു.” സഞ്ജയ് ലീല ഭന്‍സാലി പറഞ്ഞു.

കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതം എസ്.ഹുസൈന്‍ സൈദി തന്റെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലി ചിത്രമൊരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ തിയേറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് സിനിമാ നിരൂപകരില്‍ നിന്ന് ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിതയായി എത്തിപ്പെടുകയും പിന്നീട് മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയിലെ ശക്തമായ വ്യക്തിത്വമായി മാറുകയും ചെയ്യുന്ന ഗംഗുഭായിയെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ആലിയ ഭട്ടാണ് നായിക,. ആലിയക്ക് പുറമേ അജയ് ദേവ്ഗണ്‍, വിജയ് റാസ്, ജിം സര്‍ബ എന്നിവരും ചിത്രത്തിലുണ്ട്.

Vijayasree Vijayasree :