വിനോദ മേഖലയെ തന്നെ ബാധിക്കാന്‍ സാധ്യതയുള്ള ഈ ഡ്രാക്കോണിയന്‍ നിയമത്തിനെതിരെ പ്രധിഷേധിക്കുക; സിനിമാട്ടോഗ്രാഫ് ഭേദഗതിയ്‌ക്കെതിരെ സംവിധായകന്‍ ജി സുരേഷ് കുമാര്‍

കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ്ണ അധികാരം നല്‍കുന്ന സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ ഫിലിം ചേംബര്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ജി സുരേഷ് കുമാര്‍. ഈ പകര്‍ച്ചവ്യാധി കാലത്ത് വിനോദ മേഖലയെ തന്നെ ബാധിക്കാന്‍ സാധ്യതയുള്ള ഈ ഡ്രാക്കോണിയന്‍ നിയമത്തിനെതിരെ പ്രധിഷേധമുയര്‍ത്താന്‍ എല്ലാവരും പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജി സുരേഷ് കുമാറിന്റെ വാക്കുകള്‍:

കേന്ദ്ര ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയ സിനിമകള്‍ പരിഷ്‌കരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഒരു അധികാരം നല്‍കുന്ന സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്‍ 2021 ഗൗരവമായി തന്നെ കാണുന്നു.

ഈ പകര്‍ച്ചവ്യാധി കാലഘട്ടത്തില്‍ വിനോദ മേഖലയെ തന്നെ ബാധിക്കാന്‍ സാധ്യതയുള്ള ഡ്രാക്കോണിയന്‍ നിയമം കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തിനെതിരായ ഞങ്ങളുടെ പ്രതിഷേധത്തില്‍ പങ്കുചേരുക എന്നതാണ് മുഴുവന്‍ സിനിമാ വ്യവസായത്തിലെയും ഓരോ വ്യക്തിയോടും ഞങ്ങളുടെ അഭ്യര്‍ത്ഥന.

ഡിജിറ്റല്‍ മീഡിയയുടെ നിയന്ത്രണവും തിയേറ്റര്‍ ആന്‍ഡ് സാറ്റലൈറ്റ് എക്‌സിബിഷന് നേരെയുള്ള കര്‍ശനമായ നിയമങ്ങളും ആശങ്കാജനകമാണ്. നമുക്കെല്ലാവര്‍ക്കും ഒന്നുചേരാം, നമ്മുടെ പ്രതിഷേധങ്ങള്‍ ഉയര്‍ത്താം.

അതേസമയം, ആ വിഷയത്തില്‍ ഫെഫ്ക ഉള്‍പ്പടെയുള്ള സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിക്കും. ഫെഫ്ക്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഭേദഗതി മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കാനൊരുങ്ങുകയാണ്. രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നും ആക്റ്റിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായാണ് കേന്ദ്ര സര്‍ക്കാര്‍ സിനിമ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചത്. ഈ നിയമപ്രകാരം സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. ചട്ട വിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിച്ചതെങ്കില്‍ കൂടെ പ്രദര്‍ശനാനുമതി റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും.

കരട് രേഖ പൊതുജന അഭിപ്രായത്തിന് വെക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരായ കര്‍ശനമായി നടപടിയും ബില്ലിലുണ്ട്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നതിനും ബില്ലില്‍ തീരുമാനമുണ്ട്.

Vijayasree Vijayasree :