മഞ്ജു വാര്യരുടെ പേരില്‍ തട്ടിപ്പ് നടത്തിയ വ്യജ സംവിധായകനെ പിടികൂടി പോലീസ്; വര്‍ഷങ്ങളായുള്ള തട്ടിപ്പിന്റെ അവസാന ഇര പതിന്നാലുകാരി

സംസ്ഥാനത്തൊട്ടാകെ നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. ടെലിഫിലിമുകളിലും സിനിമകളിലും അഭിനയിപ്പിക്കാമെന്നും മഞ്ജു വാര്യരെപ്പോലെയാക്കാമെന്നുമൊക്കെ പറഞ്ഞാണ് ഇയാള്‍ നിരവധി പെണ്‍കുട്ടികളെ കബളിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രാജേഷ് ജോര്‍ജ്ജ് എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. പാലായില്‍ തട്ടിപ്പിനിടെയാണ് ഇയാളെ പിടികൂടിയത്.

ഞാന്‍ നിങ്ങളെ മഞ്ജു വാര്യരെപ്പോലെയാക്കാം എന്ന് പറഞ്ഞാണ് രാജേഷ് ജോര്‍ജ്ജ് പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിരുന്ന്. സംസ്ഥാനത്തൊട്ടാകെ ഇയാള്‍ നൂറിലധികം തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞിരിക്കുകയാണ്. പാലാ സി.ഐ. കെ.പി. ടോംസണും എസ്. ഐ. എം.ഡി. അഭിലാഷും ചേര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംവിധായകനെന്ന വ്യാജേന ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതായും സമ്മതിച്ചത്.

കഴിഞ്ഞ ദിവസം ‘സംവിധായകന്‍’ എന്നു പറഞ്ഞ് ഇയാള്‍ പാലാ മുരിക്കുംപുഴയിലെ കടയിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. കടയിലെത്തിയ ഇയാള്‍ കടയിലെ ജീവനക്കാരിയോടാണ് മോള് സുന്ദരിയാണെന്നും മഞ്ജു വാര്യരെപ്പോലെ താരമാക്കാമെന്നും പറഞ്ഞത്. 14 വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് എത്തി ഇയാളെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ ജില്ലകളില്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള ഇയാള്‍ പാലായില്‍ മാത്രം സംവിധായകന്‍ എന്ന പേരു പറഞ്ഞ് വിവിധയിടങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം താമസിക്കുകയായിരുന്ന ഇയാള്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പല പെണ്‍കുട്ടികളും നാണക്കേട് ഭയന്ന് പുറത്തുപറയാതിരുന്നത് ഇയാള്‍ കൂടുതല്‍ തട്ടിപ്പുകളിലേക്ക് കടക്കുന്നതിന് ഇടയാക്കിയെന്നും പോലീസ് അറിയിച്ചിരിക്കുകയാണ്.

സ്ത്രീ ജീവനക്കാര്‍ നില്‍ക്കുന്ന കടകളില്‍ ചെന്ന് സൗഹൃദം സ്ഥാപിച്ച് കട ഉടമയെ ഫോണില്‍ വിളിക്കുന്നതായി അഭിനയിച്ച് ജീവനക്കാരില്‍ നിന്ന് പണം വാങ്ങി മുങ്ങുന്നതും ഇയാളുടെ പതിവായിരുന്നു. അരലക്ഷം രൂപയോളം ഇത്തരത്തില്‍ തട്ടിച്ചെടുത്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ടെലിഫിലിമിലോ, സിനിമയിലോ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയും ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ആറു വര്‍ഷമായി ഇയാള്‍ ഈ തട്ടിപ്പ് തുടരുന്നുണ്ട്. ചില കടകളില്‍ സ്ത്രീകളെ കടന്ന് പിടിച്ചതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്. മുമ്പ് ചില കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുമുണ്ട്. പോലീസ് ചോദിച്ചപ്പോള്‍ ആദ്യം ‘ബിജു ‘ എന്ന് പേര് മാറ്റി പറഞ്ഞും ഇയാള്‍ ഉരുണ്ടുകളിച്ചു. പിന്നീട് ഇയാള്‍ ശരിയായ പേരും വിലാസവും പറയുകയായിരുന്നുവെന്ന് പോലീസ്. കോടതിയില്‍ ഹാജരാക്കിയയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം, കേരളത്തില്‍ ആദ്യമായി ഒരു ടെലിവിഷന്‍ ചാനലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുകയാണ് മഞ്ജു വാര്യര്‍. ദേശീയ നെറ്റ് വര്‍ക്കിന്റ ഭാഗമായ വിനോദ ചാനല്‍ ‘സീ കേരള’ത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മഞ്ജു വാര്യരെ പ്രഖ്യാപിച്ചു. കേരളത്തില്‍ മറ്റൊരു ടെലിവിഷന്‍ ചാനലിനും ഇത്തരത്തില്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ ഇല്ല. സെപ്തംബര്‍ 20 തിങ്കളാഴ്ചയാണ് മഞ്ജു വാര്യരെ സീ കേളം ചാനലിന്റെ ബ്രാന്‍ഡ് അംസാബഡര്‍ ആയി പ്രഖ്യാപിച്ചത്. ഇനി മുതല്‍ മഞ്ജു വാര്യര്‍ ആയിരിക്കും സീ കേരളം ചാനലിന്റെ മുഖം. മാര്‍ക്കറ്റിങ് മേഖലയിലും ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങളിലും എല്ലാം മഞ്ജു വാര്യര്‍ സീ കേരളത്തിന്റെ മുഖമായി വര്‍ത്തിക്കും. അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യുന്ന ബ്രാന്‍ഡ് ഫിലിമുകളിലും മഞ്ജു തന്നെ ആയിരിക്കും ചാനലിന്റെ മുഖമായി എത്തുക.

കേരളത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദ ചാനല്‍ എന്നാണ് സീ കേരളം വിശേഷിപ്പിക്കപ്പെടുന്നത്. മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നാണ് സീ കേരളം ബിസിനസ് ഹെഡ് സന്തോഷ് നായര്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ ജീവിതത്തിലും ശക്തയും അസാധാരണയുമായി സ്ത്രീയാണ് മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറഞ്ഞു. സീ കേരളത്തിന്റെ ബ്രാന്‍ഡ് വാല്യുവിന്റെ ഏറ്റവും മികച്ച പ്രതിനിധീകരണം ആയിരിക്കും മഞ്ജു വാര്യര്‍ എന്നും സന്തോഷ് നായര്‍ പറയുന്നു.

സീ കേരളവുമായി സഹകരിക്കുന്നതില്‍ അത്രയധികം സന്തോഷമുണ്ട് എന്നാണ് മഞ്ജു വാര്യര്‍ പ്രതികരിച്ചത്. കേരളത്തില്‍ ചെറിയ കാലത്തിനുള്ളില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ ആയ ചാനല്‍ ആണ് സീ കേരളം എന്നും മഞ്ജു പറഞ്ഞു. മലയാളി പ്രേക്ഷകരുമായി കൂടുതല്‍ അഗാധമായ ബന്ധം സൃഷ്ടിക്കാന്‍ ഈ പ്ലാറ്റ്ഫോം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീ കേരളത്തിന്റെ ബ്രാന്‍ഡ് ഫിലിമുകളിലെ അഭിനയം താന്‍ ശരിക്കും ആസ്വദിച്ചിരുന്നു എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Vijayasree Vijayasree :