നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നതായി സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടെന്നാണ് സ്ഥിരീകരണം.
ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം അടങ്ങിയ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ കൈമാറിയിട്ടും തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് വിവരം. ദൃശ്യം കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ കഴിഞ്ഞദിവസം സമീപിച്ചിരുന്നു. പീഡനദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്.
സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞിരുന്നു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി.
കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ദൃശ്യം ചോര്‍ന്ന വിവരം പുറത്തുവന്നത്.