സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ പെടുത്തി വാക്സിനേഷന്‍ നല്‍കണം; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് ഫിലിം ചേമ്പര്‍

സിനിമ മേഖലയില്‍ ഉള്ളവരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി വാക്സിനേഷന്‍ നല്‍കണമെന്ന് ഫിലിം ചേമ്പര്‍. ഈ വിഷയം സംബന്ധിച്ച് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ മാറി എല്ലാ മേഖലകളിലും പോലെ സാധാരണ ജീവിതത്തിലേക്ക് കടന്ന് വരാനിരിക്കുന്ന അനേകായിരം പേര്‍ ഈ വ്യവസായത്തിലുണ്ട്. അതിനാല്‍ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റ് മേഖലകളെപ്പോലെ സിനിമ വ്യവസായത്തിലുള്ളവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ പെടുത്തി വാക്സിനേഷന്‍ നല്‍കണമെന്നാണ് ചേമ്പറിന്റെ ആവശ്യം.

കത്തിന്റെ പൂര്‍ണ്ണരൂപം:

സര്‍,

അങ്ങയുടെ നേതൃത്വത്തില്‍ അധികാരം ഏറ്റ കേരള സര്‍ക്കാരിന് ഒരിക്കല്‍ കൂടി അഭിനന്ദനവും ആശംസയും നേരുന്നതിനോടൊപ്പം ഈ മഹാമാരിക്കാലം അങ്ങയുടെ നേത്യത്വത്തില്‍ ഉള്ള സര്‍ക്കാര്‍ കഴിഞ്ഞ കാലത്തു നല്‍കിയ കരുതലും സംരക്ഷണവും ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു.കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി നിര്‍മ്മാണ വിതരണ, പ്രദര്‍ശന, സാങ്കേതിക അഭിനയ മേഖല ഉള്‍പ്പെട്ട സിനിമ വ്യവസായം അതിജീവനം നടത്തുന്നതിന് പാട് പെടുകയാണ്. നിലവിലെ വിവരണാതീതമായ സാഹചര്യത്തിലെ ഏക പ്രതീക്ഷ സമയ ബന്ധിതമായി വാക്സിനേഷന്‍ ലഭിക്കു എന്നത് മാത്രമാണ്.

ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ മാറി എല്ലാ മേഖലകളിലും പോലെ സാധാരണ ജീവിതത്തിലേക്ക് കടന്ന് വരാനിരിക്കുന്ന അനേകായിരം പേര്‍ ഈ വ്യവസായത്തിലുണ്ട്. സുരക്ഷിതമായ തൊഴിലിടം ഉണ്ടാവാനും രോഗഭീതിയില്ലാതെ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെങ്കില്‍ ഏറെ അനിവാര്യമായ കാര്യമാണ് എല്ലാവര്‍ക്കും വാക്സിനേഷന്‍ ലഭിക്കുക എന്നുള്ളത്.

നിലവില്‍ പ്രഖ്യാപിക്കപ്പെട്ട മറ്റ് മേഖലകളെപ്പോലെ സിനിമ വ്യവസായത്തിലുള്ളവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ പെടുത്തി വാക്സിനേഷന്‍ നല്‍കണം എന്നുള്ളതാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. എത്രയും വേഗം വാക്സിനേഷന്‍ ലഭിച്ചാല്‍ തൊഴിലിടങ്ങളിലെ അതിജീവനത്തിനുള്ള പാതയില്‍ അത് ഏറെ സഹായകരമാകും. അങ്ങ് ഞങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ച് സിനിമ മേഖലയില്‍ ഉള്ള എല്ലാവരേയും വാക്സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

ഏറെ പ്രതീക്ഷയോടെ

ബി ആര്‍ ജേക്കബ്ബ്

ജനറല്‍ സെക്രട്ടറി

Vijayasree Vijayasree :