താനാണ് ആ കഥാപാത്രം ചെയ്യുന്നത് ഷൂട്ടിന് മൂന്ന് ദിവസം മുമ്പാണ് അറിയുന്നത്; മേക്കപ്പിന്റെ ആവശ്യമൊന്നുമില്ലെന്നാണ് പറഞ്ഞത്

ഫഹദ് ഫാസിലിന് ഏറെ ആരാധകരെ സമ്മാനിച്ച കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഷമ്മി. ഇപ്പോഴിതാ താന്‍ ഈ ചിത്രത്തിലെത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസില്‍. താനാണ് ഷമ്മി എന്ന കഥാപാത്രം ചെയ്യുന്നതെന്ന് ഫഹദിനോട് ശ്യാം പുഷ്‌കരന്‍ പറയുന്നത് ചിത്രീകരണത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് എന്നാണ് ഫഹദ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇതേ കുറിച്ച് പറഞ്ഞത്.

‘കുമ്പളങ്ങിയിലെ ഷമ്മി എന്ന കഥാപാത്രം ഞാനാണ് ചെയ്യുന്നതെന്ന് ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പാണ് ശ്യാം എന്നോട് പറയുന്നത്. മറ്റാര്‍ക്കും ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാവില്ല. അതുകൊണ്ട് നീ തന്നെ ചെയ്യണം. നിനക്ക് അതിന് മേക്കപ്പിന്റെ ആവശ്യമൊന്നുമില്ല. നീ വന്ന് ചെയ്താല്‍ മതി എന്നാണ് ശ്യാം പറഞ്ഞത്’ എന്നും ഫഹദ് ഫാസില്‍ പറഞ്ഞു.

അതേസമയം മഹേഷന്‍ നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഫഹദ്. ചിത്രം കൊവിഡ് കാരണം ആമസോണിലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ 15നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം തന്നെ ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്.

ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയ്ലറില്‍ നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളായി തന്നെ ഉണ്ട്.

Vijayasree Vijayasree :