‘മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാന നായകന്‍’; ഫഹദ് ഫാസിലിനെ അഭിനന്ദിച്ച് അല്‍ജസീറ

ഫഹദ് ഫാസിലിന്റേതായി അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ജോജി, സീ യൂ സൂണ്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയത്. ജൂലൈ 15 നാണ് ഫഹദിന്റെ മാലിക് എന്ന ചിത്രവും ആമസോണില്‍ റിലീസ് ചെയ്തു. ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ മാലിക്കിന്റെ പ്രകടനം അതിനെ ഇരട്ടിയാക്കിയിരിക്കുകയാണ്. മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാന നായകനാണ് ഫഹദ് ഫാസില്‍ എന്നാണ് അന്തര്‍ദേശീയ മാധ്യമമായ അല്‍ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഫഹദ് ഫാസിലും മഹേഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിലാണ് അല്‍ജസീറ ഫഹദിനെ അഭിനന്ദിച്ചിരിക്കുന്നത്.

‘പ്രേക്ഷകര്‍ക്ക് സിനിമയുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കണം. എന്നെ സംബന്ധിച്ചടത്തോളം സിനിമയുടെ കഥയും അതെങ്ങനെ ചിത്രീകരിക്കുന്നു എന്നതുമാണ് പ്രധാനം. കഥാപാത്രം അതിന്റെ ഒരു ഭാഗമാത്രമാണ്’ എന്നും ഫഹദ് അഭിമുഖത്തില്‍ പറഞ്ഞു.

ഫഹദിന്റേതു കൂടാതെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.

Vijayasree Vijayasree :