മലയാളി പ്രേക്ഷകരും തിയേറ്റര്‍ ഉടമകളും ഒരു പോലെ കാത്തിരിക്കുന്ന മലയാള ചിത്രമാമണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാനാണ് പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പായി എത്തുന്നത്. 35 കോടി രൂപ ബജറ്റില്‍ എത്തുന്ന ചിത്രത്തിന്റെം വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ കുറുപ്പിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കും എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഈ മാസം 12ന് ചിത്രം തിയറ്ററുകളില്‍ എത്തുന്നതിനു മുന്നോടിയായി 10-ാം തീയതിയാണ് ബുര്‍ജ് ഖലീഫയിലെ ട്രെയ്‌ലര്‍ പ്രദര്‍ശനം. രാത്രി 8 മുതല്‍ 8.30 വരെയായിരിക്കും ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലര്‍ കാണാനാവുക. ഇതാദ്യമായാണ് ബുര്‍ജ് ഖലീഫയില്‍ ഒരു മലയാള ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുന്നത്.
മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന ‘സെക്കന്‍ഡ് ഷോ’യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്.