ഏറെ ജനപ്രീതി നേടിയ സൂപ്പര്‍ഹിറ്റ് ചിത്രമായ പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വീണ്ടുമെത്തുന്നുവെന്ന് വിവരം. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് ഈ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.
‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്’ എന്നാണ് താരം കുറിച്ചത്. ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്.
ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആതിര ദില്‍ജിത്താണ് ചിത്രത്തിന്റെ പിആര്‍ഓ. ‘എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്നാണ്’ ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.
അതേസമയം, ദുല്‍ഖറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മറ്റ് മൂന്ന് ചിത്രങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പിലെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കൂടാതെ റോഷന്‍ ആന്‍ഡ്ര്യൂസ് ചിത്രമായ സല്യൂട്ടിലെയും പുതിയ പോസ്റ്റര്‍ പിറന്നാള്‍ പ്രമാണിച്ച് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ദുല്‍ഖര്‍ മുഴുനീളം പൊലീസ് കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.