മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും പണിയായി; ബാങ്കിലെത്തിയ ബ്ലാക്ക് പാന്തര്‍ സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ അറസ്റ്റ് ചെയ്ത് പോലീസ്

ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയപ്പോള്‍ കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ബ്ലാക്ക് പാന്തര്‍ സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ഓഫ് അമേരിക്കയിലെത്തിയ റയാന്‍ കുഗ്ലറിനെ അറ്റ്ലാന്റാ പോലീസാണ് അറസ്റ്റ് ചെയ്തത്. മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്കിലെത്തിയത്.

കൗണ്ടറിലെത്തി തന്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്ന് ടെല്ലറോട്, ബാങ്കില്‍ പണം സ്വീകരിക്കുകയും കൊടുക്കുകയും ജോലി ചെയ്യുന്ന വ്യക്തിയോട് ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവര്‍ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും റയാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ റയാന്റെ വാക്കുകളെ ടെല്ലര്‍ തെറ്റിദ്ധരിച്ചു. കൊള്ളക്കാരനാണെന്ന് ധരിച്ച് ബാങ്കിലെ അലാറം അമര്‍ത്തുകയും മേലുദ്യോഗസ്ഥന്‍ ഉടന്‍ തന്നെ പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി റയാനെ കൈവിലങ് വച്ച് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.

പിന്നീട് റയാന്‍ ആരാണെന്ന് തിരിച്ചറിയുകയും, അദ്ദേഹത്തിന് ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് പോലീസിന് അബദ്ധം മനസ്സിലായത്. അദ്ദേഹത്തെ ഉടന്‍ തന്നെ വിട്ടയക്കുകയും ചെയ്തു. സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റലാന്റാ പോലീസും സംവിധായകനോട് മാപ്പ് പറഞ്ഞു.

Vijayasree Vijayasree :