എല്ലാ സെറ്റിലും വൈകിയെത്തുന്നയാളാണ് ദിലീപ് എന്ന് എല്ലാവരും ഒരുപോലെ പറയുന്നതാണ്; വൈകിയെത്തിയപ്പോള്‍ ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ കമല്‍. കൗമുദിയില്‍ രഞ്ജിനി ഹരിദാസ് നടത്തിയ അഭിമുഖത്തിലാണ് ഓരോ നടന്മാരുടെയും കൃത്യനിഷ്ഠയെ കുറിച്ച് കമല്‍ തുറന്ന് പറഞ്ഞത്. ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ കൃത്യനിഷ്ഠയെ കുറിച്ച് കമല്‍ പറഞ്ഞത്.

ഉണ്ണികളേ ഒരു കഥ പറയാം കൊടൈക്കനാലിലായിരുന്നു ഷൂട്ട് ചെയ്തത്. പുലര്‍ച്ചെ നാല് മണിക്ക് ഷൂട്ട് തുടങ്ങണം. ആ സിനിമയിലെ കുറെ കുട്ടികളുമായാണ് പുലര്‍ച്ചെ പോകുന്നത്. സൂര്യോദയത്തിന്റെ ഷോട്ടൊക്കെ എടുക്കാനുണ്ട്. അന്ന് മോഹന്‍ലാല്‍ ഏറ്റവും ആദ്യം എന്റെ കൂടെ ലൊക്കേഷനിലെത്തും. കുട്ടികളെ വിളിച്ചുണര്‍ത്താനൊക്കെ കൂടുമെന്ന് കമല്‍ പറഞ്ഞു.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ജയറാമുമൊത്തുള്ള അനുഭവവും കമല്‍ പങ്കുവെച്ചു. 51 ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തിന്റെ ക്ലൈമാക്സ് സീനില്‍ പങ്കെടുക്കുന്നത്. ജയറാമിന്റെ ഷോട്ട് വല്ലപ്പോഴുമേ വരാനുള്ളു. പക്ഷെ രാവിലെ തന്നെ മേക്കപ്പും ആ സീനിലെ കല്യാണമാലയുമെല്ലാമിട്ട് ജയറാം മറ്റുള്ളവരോടൊപ്പം വരും. രാവിലെ തൊട്ടു ജയറാം നില്‍ക്കും. വൈകുന്നേരമായിരിക്കും ഷോട്ട്. എന്നാല്‍ അതിന്റെ പേരില്‍ ഒരു പരാതിയും പറയാത്ത നടനാണ്. ഇന്നും ജയറാം അങ്ങനെ തന്നെയാണെന്ന് കമല്‍ പറഞ്ഞു.

മമ്മൂക്ക സമയത്തിന് വരില്ല, എല്ലാവരോടും ചൂടാവും എന്നൊക്കെയാണ് പൊതുവെ പറയുക. പക്ഷെ, തന്റെ ഒരു പടത്തിലും മമ്മൂട്ടിയില്‍ നിന്നും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കമല്‍ പറഞ്ഞു. കൃത്യസമയത്ത് എത്താറുമുണ്ട്. ബാക്കിയുള്ളവര്‍ പറയുന്ന, മറ്റു കാര്യങ്ങളില്‍ ഇടപെടും, കോസ്റ്റ്യൂംസ് ശരിയായില്ലെങ്കില്‍ ചീത്ത പറയും അങ്ങനെ ഒരു പ്രശ്നവും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ സെറ്റിലും വൈകിയെത്തുന്നയാളാണ് ദിലീപ് എന്ന് എല്ലാവരും ഒരുപോലെ പറയുന്നതാണ്. എന്റെ സെറ്റില്‍ അങ്ങനെ ഒന്നോ രണ്ടോ ദിവസം വൈകിയെത്തിയപ്പോള്‍ ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു, ‘ദിലീപ് എന്റെ സെറ്റില്‍ ആദ്യമെത്തുന്ന ആളായിരുന്നു പണ്ട്, എന്നും അങ്ങനെ തന്നെയായിരിക്കണമെന്ന്’ പറഞ്ഞു. അതിനുശേഷം ആ സിനിമയുടെ ഷൂട്ടിന് എല്ലാ ദിവസവും കൃത്യസമയത്ത് ദിലീപ് എത്തിയെന്നും കമല്‍ പറഞ്ഞു.

Vijayasree Vijayasree :