നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ പുറത്തുവന്നത് മലഞ്ഞുമലയുടെ ഒരറ്റം മാത്രം; ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തെളിവുകളുമായി രംഗത്തുവരും, ഇതിനിടെ ദിലീപ് വിദേശത്തേയ്ക്ക് കടന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ നില്‍ക്കുകയാണ് നടിയെ ആക്രമിച്ച സംഭവം. കേസില്‍ നിര്‍ണായകമാവുന്ന വിവരങ്ങളാണ് ഓരോ ദിവസം കഴിയുംതോറും പുറത്തെത്തുന്നത്. ദിലീപിനെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമാണ് ഇതിനോടകം തന്നെ പുറത്തെത്തിയിട്ടുള്ളത്. എന്നാല്‍ കേസില്‍ ഇതുവരെ പുറത്തുവന്നത് മലഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തെളിവുകളുമായി രംഗത്തുവരുമെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപടക്കം ആറു പേര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ വിശദമായ തെളിവുകള്‍ കൈവശമുണ്ട്. ഇക്കാര്യങ്ങളടക്കം ഇന്ന് കോടതിയെ ബോധിപ്പിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ തനിയ്‌ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നായതോടെ ദിലീപ് വിദേശത്തേയ്ക്ക് കടന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന് കോവിഡ് ആയതിനാല്‍ ഹാജരാകാന്‍ ആയില്ല. വെള്ളിവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ബാലചന്ദ്രകുമാര്‍ ഹാജരായത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ആലുവ കൊട്ടാരക്കടവിലുള്ള ദിലീപിന്റെ ‘പത്മസരോവരം’ വീട്ടില്‍ ഗൂഢാലോചന നടത്തിയതെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴി ഇന്ന് എറണാകുളം ഫസ്റ്റ് ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തും.

ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍. ദിലീപിന്റെ സുഹൃത്തായ നിര്‍മ്മാതാവ് തന്റെ വീടിനെക്കുറിച്ചും മറ്റും അന്വേഷിച്ചതിന്റെ തെളിവുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഭീഷണി ഭയന്നാണ് പലരും ദിലീപിനെതിരെ സാക്ഷി പറയാത്തത്. കേസിലെ പ്രതി പള്‍സര്‍ സുനിയടക്കം പുറത്തിറങ്ങിയാല്‍ വക വരുത്തും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടില്‍ വച്ച് സഹോദരന്‍ അടക്കമുള്ളവരോട് ‘അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും, എസ്.പി കെ.എസ് സുദര്‍ശന്റെ കൈ വെട്ടണ’മെന്നും പറഞ്ഞിട്ടുണ്ട്.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ട്. കൂറുമാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. സാക്ഷികളെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. സാക്ഷി സാഗര്‍ കൂറുമാറിയതിന്റെ വിശദാംശങ്ങളുമുണ്ട്. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്ന ഇരുപതോളം ക്ലിപ്പിംഗുകളും. ദിലിപിന്റെ ഭാര്യയുടെയടക്കം ശബ്ദമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി താന്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ദിലീപ് അതിനു തെളിവ് നല്‍കണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) ജയിലില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും. സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ചു കണ്ടെന്നാണു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ചും കണ്ടിട്ടുണ്ടെന്നു സുനി പറയുന്ന ഫോണ്‍ ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണു സുനിയെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിചാരണക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ കുറ്റകൃത്യത്തിനു ശേഷം ഒന്നാം പ്രതി പള്‍സര്‍ സുനിയും സുഹൃത്തും കാവ്യയുടെ വസ്ത്രവ്യാപാര ശാലയില്‍ എത്തിയെന്നു മൊഴി നല്‍കിയ ജീവനക്കാരന്‍ കോടതിയില്‍ മൊഴിമാറ്റിയ ദിവസം പ്രതികള്‍ പാര്‍ട്ടി നടത്തിയെന്ന വിവരം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. ഈ ദിവസം ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നില്ല.

Vijayasree Vijayasree :