അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും അപകടങ്ങള്‍ നേരിട്ടിരുന്നു.., ? മുദ്ര വെച്ച കവറിലടങ്ങിയിരിക്കുന്ന വിവരങ്ങള്‍!?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വധശ്രമ തെളിവുകള്‍ കിട്ടിയെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. മുദ്രവച്ച കവറില്‍ ലഭിച്ച തെളിവുകളില്‍ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചു.

സ്വതന്ത്രസാക്ഷികളുടെ മൊഴികളും ഈ മുദ്രവച്ച കവറില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും അപകടങ്ങള്‍ നേരിട്ടിരുന്നതായി പലരും തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷണപരിധിയില്‍ വന്നിട്ടുണ്ടെന്നാണ് കരുതുന്നത്. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച തെളിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തനിക്ക് അറിയില്ല. പ്രതികളുടെ ചോദ്യം ചെയ്യലില്‍ നിന്ന് രണ്ടു ദിവസത്തിനുള്ളില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന കോടതി പരാമര്‍ശത്തിലൂടെ, കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് കോടതിക്ക് വരെ ബോധ്യമായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥ് കേസില്‍ ഇടക്കാല ഉത്തരവ് പറഞ്ഞത്. നാളെ മുതല്‍ മൂന്ന് ദിവസം രാവിലെ 9 മുതല്‍ രാത്രി എട്ട് വരെ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാമെന്നാണ് കോടതിയുടെ നിര്‍ദേശം. 27ാം തീയ്യതി വരെ അറസ്റ്റ് ചെയ്യരുത് എന്നും കോടതി വ്യക്തമാക്കുന്നു.

എന്നാല്‍, ഇക്കാലയളവില്‍ അന്വേഷണത്തെ സ്വാധീനിക്കുന്ന നിലയില്‍ ഇടപെടല്‍ നടത്തിയാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ‘ഹരജിക്കാരന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടാനുള്ള ഏതൊരു ശ്രമവും ഈ കോടതി വളരെ ഗൗരവമായി കാണും. സീല്‍ ചെയ്ത കവറില്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുതിര്‍ന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.

‘ഈ കേസുകളിലെ ഹരജിക്കാര്‍ ക്രൈംബ്രാഞ്ച് എറണാകുളത്ത് ക്രൈം നമ്പര്‍ 6/2022ല്‍ നമ്പര്‍ 15ല്‍ പ്രതികളാണ്. ഇപ്പോള്‍ അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി മുമ്പാകെയുള്ള വിചാരണയാണ്. ഇതുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യം കാരണം, അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും ഇല്ലാതാക്കാന്‍ ഹരജിക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ ചില വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങള്‍ വോയ്സ് ക്ലിപ്പുകളും വീഡിയോഗ്രാഫുകളും പോലെയുള്ള വസ്തുക്കള്‍ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് സൂചിപ്പിക്കുന്നു.’ ഇടക്കാല ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതാണ് കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Vijayasree Vijayasree :