നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.
സംവിധായകന് ബാലചന്ദ്രകുമാര്‍ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ശരതിന്റെ ഫോണ്‍ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
താന്‍ വിഐപിയെന്ന് സംശയിക്കുന്നവരില്‍ ശരത്തിന്റെ പേരും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരന് അനൂപ് നിര്‍മിച്ച സിനിമയുടെ ധനസഹായ പങ്കാളി കൂടിയായിരുന്നു ശരത്ത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. കാവ്യ മാധവന് അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. മാത്രമല്ല, ദിലീപിന്റെ സഹോദരിയുടെ മകന് ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. 12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന് ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോണ്‍ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു.
മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രോസിക്യൂഷന് പാളിച്ചകള്‍ മറികടക്കാന്‍ ആകരുത് വീണ്ടും വിസ്തരിക്കുന്നത്. സാക്ഷികളെ വിസ്തരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കണം. കേസിന് അനുസൃതമായി സാക്ഷിമാെഴി ഉണ്ടാക്കാനുള്ള പ്രോസിക്യൂഷന് ശ്രമമാണിതെന്ന് സംശിയിക്കാമെന്നും കോടതി പറഞ്ഞു നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന് അനുമതി തേടിയിരുന്നത്.
16 പേരുടെ പട്ടികയില്‍ ഏഴു പേര് നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നല്‍കിയത്.