നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നല്കിയ മുന്‍ കൂര് ജാമ്യ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് പറഞ്ഞ വാക്കുകള്‍ മദ്യലഹരിയിലാണോ എന്ന് അന്വേഷിക്കണമെന്നു ഹൈക്കോടതി. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപ് ഇടയ്ക്കിടെ വേറെ മുറിയില്‍ പോയി മദ്യപിക്കുന്നതായി പറയുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍, വീട്ടില്‍ വച്ച് ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി പ്രോസിക്യൂഷന് വാദിച്ചു. ഗൂഢാലോചന തെളിയിക്കാന്‍ അത് നടത്തിയവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണം. ദിലീപിനെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് വാദിച്ചു.
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മൂന്നാം മുറ പ്രയോഗിക്കുമെന്ന ആരോപണത്തില്‍ കഴമ്പില്ല. ഇത് എല്ലാ ജാമ്യാപേക്ഷകളിലും പറയുന്നതാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ ഗൂഢാലോചന നടന്നതായി വ്യക്തമാണ്. മുന്‍കാല അനുഭവം നോക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു.
അതേസമയം, ഗൂഢാലോചന അന്വേഷിക്കാന്‍ തടസം നില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കില്ലെന്ന് എന്ത് ഉറപ്പാണുള്ളത്. ബാലചന്ദ്ര കുമാറിന്റേത് ഗുരുതരമായ വെളിപ്പെടുത്തലാണ്. അത് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്. അന്വേഷണം സുഗമമായി നടക്കണം. ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന് ഉന്നയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കേസില്‍ നടന് ദിലീപിനെതിരായ അന്വേഷണം തടയില്ലെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ദിലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമാണ്.
പക്ഷേ ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ പെരുപ്പിച്ച് കാട്ടിയതാണെന്ന് കരുതേണ്ടി വരുമെന്നും കോടതി വാദം കേള്‍ക്കുന്നതിനിടെ പരാമര്‍ശിച്ചു.നിലവില്‍ പ്രോസിക്യൂഷന് തെളിവുകള്‍ പര്യാപ്തമല്ല. അന്വേഷണം നടത്തുന്നതിന് കസ്റ്റഡി ആവശ്യമെന്ന് തോന്നുന്നില്ല. എന്നാല്‍ കേസ് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷിക്കാനും കുറ്റം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും പ്രോസിക്യൂഷന് അര്‍ഹതയുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അതേസമയം, പ്രതിക്ക് വലിയ സ്വാധീനമുണ്ട്. അപ്പോള്‍ നമ്മള് ഇത് എങ്ങനെ ബാലന്‍സ് ചെയ്യും? അത് മാത്രമാണ് ആശങ്ക എന്നായിരുന്നു കോടതിയുടെ പ്രതികരണം.
അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷികളിലൊരാളായ വിപിന്‍ലാല്‍ ഹര്‍ജിയുമായി ഹോസ്ദുര്‍ഗ് കോടതിയില്‍ എത്തിയിട്ടുണ്ട്. കെബി ഗണേഷ്കുമാര് എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കുമാര്‍ തന്നെ ദിലീപിന് അനുകൂലമായി മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി താന്‍ നല്കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് നടപടിയുമായി മുന്നോട്ട് പോവുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിപിന്‍ ലാല്‍ നല്കിയ കേസില്‍ ബേക്കല്‍ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹര്‍ജിയില്‍ വിപിന്‍ ലാല്‍ ആരോപിക്കുന്നു. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണച്ചുമതല.