നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും, ഹൈക്കോടതി വിധി നിര്‍ണായകം

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും എന്ന് വിവരം. കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതികളുടെ ഫോണ്‍ വിളികളുടെ അസ്സല്‍ രേഖകള്‍ വിളിച്ചു വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജികളിലാണ് വിധി.

കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. പൂര്‍ണമായ പുനരന്വേഷണം അനുവദിക്കണം, സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്.

തുടരന്വേഷണം ഭാഗികമായേ അനുവദിച്ചിട്ടുള്ളൂ എന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി പരിഗണിക്കുന്നില്ലന്നാണ് പ്രധാന ആരോപണം. പുതിയ സാക്ഷികളെയും പഴയ സാക്ഷികളില്‍ ചിലരെയും വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് പ്രാസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന്റെ ചില ചോദ്യങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലന്നും പ്രതികളുടെ ഫോണ്‍ വിളികളുടെ അസ്സല്‍ രേഖകള്‍ വിളിച്ചു വരുത്തണമെന്ന ആവശ്യം നിരസിച്ചുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ തുടരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധി നിര്‍ണായകമാകും.

Vijayasree Vijayasree :