അദ്ദേഹത്തെ ബാധിക്കുമെന്നതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തല്‍ക്കാലം നിര്‍ത്തി, ആരോപണമുന്നയിക്കാനോ പരാതി പറയാനോ ഇനി താന്‍ ഇല്ലെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും യുഡിഎഫിലെ ചില നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ പ്രശ്‌നം അവസാനിച്ചു എന്ന് അറിയിച്ചിരിക്കുകയാണ് ധര്‍മജന്‍. ഇനി ഞാന്‍ ആരോപണമുന്നയിക്കാനോ പരാതി പറയാനോ ഇല്ലെന്ന് ധര്‍മജന്‍ പറഞ്ഞു. എന്നെ ചതിച്ചവര്‍ക്കെതിരെ ഞാന്‍ പരാതി കൊടുത്തു, അവര്‍ വിളിച്ചു ക്ഷമ പറഞ്ഞുവെന്നും ഇനി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജനെതിരെ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ പ്രതികരണം നടത്തിയിരുന്നു. ഇതിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ധര്‍മജനും ഉന്നയിച്ചത്.സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ അവര്‍ കോടികളാണ് എന്നില്‍ നിന്ന് പ്രതീക്ഷിച്ചത്. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഭാര്യയുടെ സ്വര്‍ണം വില്‍ക്കാന്‍ വരെ നേതാക്കള്‍ പറഞ്ഞു. എ.ഐ.സി.സിയും കെ.പി.സി.സിയും നല്‍കിയ ഫണ്ടുകളും ഞാന്‍ നല്‍കിയ പണവും മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചത്. അപ്പോള്‍ ഈ നേതാക്കള്‍ എന്റെ പേരില്‍ പിരിച്ചെടുത്ത പണം എവിടെ പോയെന്ന് ധര്‍മജന്‍ ചോദിച്ചു.

ഞാന്‍ നല്‍കിയ പണം പോലും താഴെ തട്ടിലെത്തിയില്ല. അതുകൊണ്ട് ബൂത്ത് തല പ്രവര്‍ത്തനം മിക്കയിടങ്ങളിലും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി ഉണ്ടാക്കിയതല്ലാതെ പ്രവര്‍ത്തനം നടന്നില്ല. തെരഞ്ഞെടുപ്പ് ഫണ്ട് വീതംവെക്കല്‍ മാത്രമാണ് കമ്മിറ്റി ചെയ്തത്. രാത്രി എന്നെ കാണാനില്ലെന്നാണ് കുറ്റപ്പെടുത്തുന്നത്. കമ്മിറ്റിക്കാര്‍ നടത്താത്ത അവലോകനം സാധാ പ്രവര്‍ത്തകരുമായി നടത്തി രാത്രി ഏറെ വൈകിയാണ് ഉറങ്ങാറ്. അതുകൊണ്ടുതന്നെ രാവിലെത്തെ പര്യടന യാത്ര തുടങ്ങാനും ചിലപ്പോള്‍ വൈകിയിട്ടുണ്ട്. രണ്ടു കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൂടെയുള്ള ചിലരുമാണ് എനിക്കെതിരെ നീങ്ങിയത്. എന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കള്ള ഒപ്പിട്ട് കെ.പി.സി.സിക്ക് പരാതി നല്‍കിയ ആള്‍ തന്നെ എന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി വന്ന സ്ഥിതിക്ക് തോല്‍ക്കാന്‍ വേറെ കാരണം വേണോ.

ബാലുശ്ശേരിയില്‍ പോളിങ് കഴിഞ്ഞ ഉടനെതന്നെ നേതാക്കളുടെ പണപ്പിരിവിന്റെ കാര്യം കെ.പി.സി.സിയെ അറിയിച്ചിരുന്നു. പിന്നെ ഒരു മാസം കഴിഞ്ഞാണ് ഫലപ്രഖ്യാപനമുണ്ടായത്. ഇപ്പോഴാണ് ആ പരാതി രേഖാമൂലം നല്‍കിയത്. ഇനി ഞാന്‍ ബാലുശ്ശേരിയില്‍ ജയിച്ചാലും ഈ പരാതി നല്‍കുമായിരുന്നെന്നും ഇതെനിക്ക് അത്രമാത്രം മനഃപ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. എന്റെ മണ്ഡലത്തിലെ എം.എല്‍.എ വി.ഡി. സതീശന്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവാണ്. ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ അദ്ദേഹത്തിനും ബാധിക്കും അതിനാല്‍ ഇക്കാര്യത്തില്‍ ഇനി കൂടുതലൊന്നും പറയില്ല. ഇനി ആരോപണ പ്രത്യാരോപണങ്ങള്‍ തല്‍ക്കാലം നിര്‍ത്തിയെന്നും ധര്‍മജന്‍ പറഞ്ഞു.

Vijayasree Vijayasree :