തിരക്കഥ വായിച്ചതിന് ശേഷമാണ്, കശ്മീരി പണ്ഡിറ്റുകള്‍ ഇത്രയധികം അനുഭവിച്ചിട്ടുണ്ടെന്നത് തിരിച്ചറിയുന്നത്, ഈ സംഭവങ്ങളൊന്നും എനിക്കറിയില്ലായിരുന്നു; കൃഷ്ണ പണ്ഡിറ്റായി വേഷമിട്ട ദര്‍ശന്‍ കുമാര്‍ പറയുന്നു

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ ആണ് ഇപ്പോള്‍ സിനിമയിലും രാഷ്ട്രീയത്തിലും ചര്‍ച്ചയായിരിക്കുന്നത്. 1990-ല്‍ നടന്ന കശ്മീരി പണ്ഡിറ്റ് സമുദായത്തിന്റെ വംശഹത്യയുടെ കഥ പറയുന്ന ചിത്രത്തില്‍, കൃഷ്ണ പണ്ഡിറ്റായി വേഷമിട്ട ദര്‍ശന്‍ കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സിനിമാ ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചും, സിനിമ റിലീസ് ആയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചുമാണ് ദര്‍ശന്‍ വ്യക്തമാക്കുന്നത്. തന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ക്ക് തന്റെ അഭിനയം ഇഷ്ടമായെന്നും, ബോളിവുഡില്‍ നിന്ന് പലരും തന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തുവെന്നും ദര്‍ശന്‍ പറയുന്നു.

മുതിര്‍ന്ന സംവിധായകര്‍ വിളിച്ച് അഭിനന്ദിക്കുമ്‌ബോള്‍, അതൊരു നേട്ടമാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഈ സിനിമ എങ്ങനെ ലഭിച്ചുവെന്നും തന്റെ വേഷത്തിന് തയ്യാറെടുത്തത് എങ്ങനെയെന്നും ദര്‍ശന്‍ പറഞ്ഞു. ‘കാസ്റ്റിംഗ് ഡയറക്ടര്‍ തരുണ്‍ ബജാജ് ആണ് കശ്മീര്‍ ഫയല്‍സിനെ കുറിച്ച് പറഞ്ഞത്.

വിവേക് അഗ്‌നിഹോത്രിയെ കാണാന്‍ പോയി. സിനിമ ഒരുക്കുന്നതിന് മുന്‍പ് അദ്ദേഹം, എന്നെ അവരുടെ ഓഫീസിലെ തിയേറ്റര്‍ റൂമില്‍ വെച്ച് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പ് കാണിച്ചു. 700 കശ്മീരി പണ്ഡിറ്റുകളുടെ വേദനയെക്കുറിച്ചായിരുന്നു അത്. ആ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ അസ്വസ്ഥനായി. ഈ സത്യം ജനങ്ങള്‍ക്ക് മുന്നില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

തിരക്കഥ തന്നു. അതുമായി വീട്ടിലെത്തി. തിരക്കഥ വായിച്ചതിന് ശേഷമാണ്, കശ്മീരി പണ്ഡിറ്റുകള്‍ ഇത്രയധികം അനുഭവിച്ചിട്ടുണ്ടെന്നത് തിരിച്ചറിയുന്നത്. ഈ സംഭവങ്ങളൊന്നും എനിക്കറിയില്ലായിരുന്നു. അതിലെനിക്ക് ലജ്ജ തോന്നി. ഇത് ഏതെങ്കിലും മതത്തെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ ഉള്ളതല്ല. ക്രൂരവും സത്യസന്ധവുമായ സത്യമാണ്. ഇതില്‍ ഒന്നും മറച്ചുവെക്കുകയോ പെരുപ്പിച്ചു കാണിക്കുകയോ ചെയ്തിട്ടില്ല’, താരം പറയുന്നു.

Vijayasree Vijayasree :