മിമിക്രി രംഗത്തും നിന്നും സിനിമയിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് നാദിര്‍ഷ. അഭിനേതാവായി തുടങ്ങിയ നാദിര്‍ഷ അമര്‍ അക്ബര്‍ അന്തോണിയിലൂടെ സംവിധാനകനായി തുടക്കം കുറിച്ചു. ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററാക്കിയ സംവിധായകന്റെ രണ്ടാമത്തെ ചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു. അമര്‍ അക്ബറിന് ശേഷം നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും പ്രേക്ഷകര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ നാദിര്‍ഷ തന്റെ ചിത്രങ്ങളുടെ വിശേഷങ്ങളും ലൊക്കേഷന്‍ സ്റ്റില്‍സുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രണണങ്ങളാണ് നടക്കുന്നത്.
ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് ‘ഈശോ; നോട്ട് ഫ്രം ദ ബൈബിള്‍’. ചിത്രത്തിന്റെ ഷൂട്ടിങും ഡബ്ബിംഗുമൊക്കെ പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രം ഒരു ത്രില്ലര്‍ ആണെന്നുള്ള സൂചനകളുമായി ചില നിഗൂഡതകള്‍ ഒളിപ്പിച്ചായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. സുനീഷ് വാരനാടിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നമിത പ്രമോദാണ് നായികയായെത്തുന്നത്.
ഇത് ബൈബിളില്‍ ഉള്ള ഈശോ അല്ല എന്ന ടാഗ് ലൈനിന് ഒപ്പമായിരുന്നു സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമര്‍ശന ശരങ്ങളുയര്‍ത്തി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രം ക്രൈസ്തവരുടെ മതവിശ്വാസത്തെ മുറിപ്പെടുത്തുന്നു എന്ന വാദമാണ് വിശ്വാസികളുയര്‍ത്തുന്നത്. ഈ വാദം വളരെ വിചിത്രമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
അതേസമയം നാദിര്‍ഷ ഇപ്പോള്‍ ദിലീപ് നായകനാകുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ ഷൂട്ടിനായി പൊള്ളാച്ചിയിലാണുള്ളത്. ലൊക്കേഷനില്‍ നിന്നും ദിലീപിന്റെ വേറിട്ട ഗെറ്റപ്പിലുള്ള ചിത്രങ്ങളുമായി നാദിര്‍ഷ ഫേസ്ബുക്കിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയാണ് നാദിര്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി ഒരു കൂട്ടരെത്തിയിട്ടുള്ളത്. വാദമുന്നയിക്കുന്നവര്‍ കുറിക്കുന്നത് ഇങ്ങനെയാണ്. ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകളുടെ പേരിനെ ചൊല്ലിയാണ് വിമര്‍ശനം. നാദിര്‍ഷയുടേതായി അണിയറയില്‍ റിലീസിനൊരുങ്ങുന്ന രണ്ട് ചിത്രങ്ങളുടെയും പേരില്‍ ക്രൈസ്തവ വിരോധം പ്രകടമാണെന്നും അത് ക്രിസ്തീയ മതവിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് എന്നുമാണ്.
ഈശോ നോട്ട് ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ ആവശ്യമില്ലായിരുന്നുവെന്നാണ് വൈദികന്മാരടങ്ങുന്ന വിമര്‍ശകരുടെ സംഘം ചൂണ്ടിക്കാട്ടുന്നത്. സിനിമക്ക് ക്രിസ്ത്യന്‍ പേരുകള്‍ നല്‍കുന്നത് ലേറ്റസ്റ്റ് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും അതിന്റെ പിന്നില്‍ ചെറിയ ചില്ലറ ഉദ്ദേശങ്ങള്‍ ഉണ്ടെന്നും വിമര്‍ശകര്‍ പറയുന്നു. നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത പടത്തിനു മുഹമ്മദ് നോട്ട് ഫ്രം ദ ഖുറാന്‍ എന്ന ടാഗ്ലൈനില്‍ ഒരു പടം ഇറക്കാന്‍ പറ്റുമോ എന്നും ഈശോ എന്ന സിനിമ ബൈബിളിലെ യേശുവല്ലാത്തതു പോലെ മുഹമ്മദ് എന്തായാലും ഖുറാനിലെ മുഹമ്മദും ആകില്ലല്ലോ എന്നും ഫാദര്‍ സെബാസ്റ്റിയന്‍ എന്ന വൈദികന്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.
അതേസമയം, ‘നീ എടുക്കുന്ന രണ്ട് പടത്തിന്റെ പേര് ശ്രദ്ധിച്ചു, ഉളുപ്പുണ്ടോ ഇത്തരം പേരില്‍ സിനിമയിറക്കാന്‍ എന്നാണ് ഒരാളുടെ കമന്റ് തുടങ്ങുന്നത്. ഈശോ എന്ന ക്രൈസ്തവരുടെ ദൈവത്തിന്റെ പേരില്‍ തന്നെ നിനക്ക് പടം ഇറക്കണം അല്ലേ.. അത് മാറ്റി അള്ളാഹു എന്നോ മുഹമ്മദ് എന്നോ കൊടുത്തുകൂടെ നിനക്ക്? പിന്നെ മിക്കവാറും എല്ലാ ക്രിസ്തീയ ഭവനങ്ങളുടെ മുന്‍പിലും കാണാന്‍ കഴിയുന്ന ഒരു ബോര്‍ഡ് ആണ്. യേശു ഈ വീടിന്റെ നാഥന്‍ എന്നുള്ളത്. ആ യേശു മാറ്റി കേശു ആക്കുന്ന ജിഹാദി തന്ത്രം നീ നിന്റെ വീട്ടില്‍ പയറ്റിയാല്‍ മതി, പൊതു സമൂഹത്തില്‍ വേണ്ട. നീ തീക്കൊള്ളി കൊണ്ട് തല ചൊറിയല്ലേ മോനെ കാക്കേ്.. എന്നായിരുന്നു കമന്റ്. ഇതിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
നാദിര്‍ഷാ ഒരു പുനര്‍വിചിന്തനം നടത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും വളരെവേദന ജനകം ആണെന്നും ദയവായി ഈ സിനിമകളുടെ പേരുകള്‍ മാറ്റണമെന്നും വിമര്‍ശകര്‍ ആവശ്യങ്ങളുയര്‍ത്തുകയും ചെയ്യുന്നുണ്ട്. കൊച്ചിന്‍ കലാഭവന്റെ ആബേല്‍ അച്ഛനെ ഓര്‍ത്ത് എങ്കിലും ക്രൈസ്തവ വിശ്വാസതെ വൃണപെടുത്താതെയെന്നും മറ്റുള്ളവരെ അവഹേളിച്ച് പബ്ലിസിറ്റിയും വിജയവും നേടുമ്പോള്‍ എന്ത് സംതൃപ്തി ആണ് ലഭിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
കേരളത്തിലെ സിനിമാ മേഖലയില്‍ കൂടി ക്രിസ്ത്യന്‍ ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമിക ഭീകരവാദികള്‍ ഒഴുക്കുന്ന കള്ളപ്പണത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം ഈ വിമര്‍ശനങ്ങളെല്ലാം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് നാദിര്‍ഷായ്ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.