അഫ്ഗാനിയായതിനാല്‍ നിര്‍മ്മാതാക്കള്‍ സിനിമ നല്‍കിയില്ല, ഇപ്പോള്‍ സൈബര്‍ ആക്രമണവും; വറീന ഹുസൈനെതിരെ ട്രോളുകളും വിദ്വേഷ പ്രചരണവും

ബോളിവുഡ് താരം വറീന ഹുസൈനെതിരെ സൈബര്‍ ആക്രമണം. അഫ്ഗാന്‍ സ്വദേശി ആയതിനാലാണ് താരത്തിനെതിരം സൈബര്‍ ആക്രമണം നടക്കുന്നത്. ലൗ യാത്രി എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ അഫ്ഗാനിന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെയാണ് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിദ്വേഷ പ്രചരണവും ആരംഭിച്ചത്. വറീനയുടെ പിതാവിന്റെ നാട് ഇറാഖും മാതാവിന്റേത് അഫ്ഗാനിസ്ഥാനുമാണ്. ആദ്യ ചിത്രത്തിന് ശേഷവും അഫ്ഗാനിയായതിനാല്‍ നിര്‍മ്മാതാക്കള്‍ വറീനയ്ക്ക് സിനിമകള്‍ നല്‍കിയിരുന്നില്ല.

ലൗ യാത്രിയുടെ റിലീസിന് പിന്നാലെ താന്‍ ജനത്തിന്റെ നിരീക്ഷണത്തിലായി. സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഒരു തീവ്രവാദ രാജ്യത്ത് നിന്ന് വന്നയാളെന്ന് പറഞ്ഞ് ജനം പരിഹസിച്ചിരുന്നു എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സല്‍മാന്‍ ഖാനാണ് വറീനയെ ബോളിവുഡിലേക്ക് കൊണ്ടുവന്നത്.

സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയായിരുന്നു ലൗ യാത്രിയിലെ നായകന്‍. ചിത്രം സല്‍മാനാണ് നിര്‍മ്മിച്ചത്. വറീനയുടെ സൗന്ദര്യം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായെങ്കിലും സിനിമ വിജയമായിരുന്നില്ല. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലാണ് വറീന പഠിച്ചത്. നിലവില്‍ ഇന്‍കംപ്ലീറ്റ് മാന്‍ എന്ന ചിത്രത്തിലും ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിലും വറീന അഭിനയിക്കുന്നുണ്ട്.

Vijayasree Vijayasree :