ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ച ചിത്രമായിരുന്നു ചുരുളി. ലിജോ ജോജ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. സിനിമയില്‍ നിയമവിരുദ്ധമായൊന്നുമില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ചുരുളി ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ചിത്രം പൊതു ധാര്‍മികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകള്‍ കൊണ്ടു നിറഞ്ഞതാണ് എന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം.
ഹര്‍ജി പരിഗണിച്ച കോടതി ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം നടന്നിട്ടുണ്ടോയെന്നറിയാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമിതി രൂപികരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. സിനിമ കണ്ട പൊലീസ് ചിത്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതുമാണെന്നായിരുന്നു വിലയിരുത്തല്‍. ഒടിടി പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രം. പ്രദര്‍ശനത്തിന് മുമ്ബ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു.