ശബരിമലയില്‍ തെലുങ്ക് സൂപ്പര്‍താരവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ പ്രചാരണം തെറ്റാണെന്നാണ് വിശദീകരണം.
ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഫോട്ടോയാണ് ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇവര്‍ക്ക് 55 വയസ്സ് ഉണ്ടെന്നാണ് ഇതിനു പിന്നാലെ വന്ന വിവരങ്ങള്‍.
1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി എന്നാണ് പറയപ്പെടുന്നത്. എഫീനിക്‌സ് ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയായ മധുമതി ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി എന്നിവര്‍ക്കൊപ്പം 13ന് രാവിലെയാണ് ശബരിമല ദര്‍ശനം നടത്തിയത്.
വിഷയത്തില്‍ മധുമതിയുടെ മകന്‍ അവിനാശ് ചുക്കാപ്പള്ളിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 2017 ല്‍ ശബരിമലയിലെ സ്വര്‍ണ കൊടിമരം വഴിപാടായി നല്‍കിയ കുടുംബം മുന്‍പ് പലതവണ ദര്‍ശനം നടത്തിയിട്ടുണ്ട് എന്നാണ് വിവരം.