എന്റെ അമ്മയ്ക്ക് എന്തായാലും സിനിമയില്‍ വന്നിട്ട് ഞാന്‍ വഴിതെറ്റിപ്പോകുമെന്നൊന്നും പേടിയുണ്ടാവാന്‍ സാധ്യതയില്ല, ഞാനതിന് കുറേക്കാലം മുന്‍പേ വഴിതെറ്റി

വളരെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ചെമ്പന്‍ വിനോദ്. ഇപ്പോഴിതാ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയുമൊക്കെ സിനിമ കാണുന്നവരാണെങ്കിലും കുടുംബമായിട്ടു സിനിമയ്ക്ക് പോകുന്നതൊക്കെ അന്നും ഇന്നും കുറവാണെന്ന് പറയുകയാണ് താരം. മാസത്തില്‍ ഒന്നോ രണ്ടോ സിനിമയൊക്കെ അപ്പച്ചനും അമ്മച്ചിയും കണ്ടാല്‍ ആയെന്നും എന്നാല്‍ കുട്ടിക്കാലത്തും മിക്കവാറും സിനിമകള്‍ താന്‍ കാണുമായിരുന്നെന്നും ചെമ്പന്‍ വിനോദ് ഒരു മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഞാനൊരു ഏഴാം ക്ലാസു മുതല്‍ ഒറ്റയ്ക്കു സിനിമയ്ക്കു പോകുമായിരുന്നു. അങ്കമാലിയിലും ആലുവയിലും സിനിമ കാണാന്‍ പോവും. അങ്കമാലിയില്‍ സുഹൃത്തുക്കളുണ്ട്. പക്ഷേ അതിലുമധികം സുഹൃത്തുക്കള്‍ എനിക്ക് ബെംഗളൂരുവിലാണ്. പത്തിരുപത് കൊല്ലം ഞാന്‍ ബെംഗളൂരുവിലായിരുന്നു. പതിനേഴാമത്തെ വയസിലൊക്കെ ബെംഗളൂരുവില്‍ പോയിട്ട് പിന്നെ തിരിച്ചുവരുന്നതു പത്തിരുപത് വര്‍ഷം കഴിഞ്ഞാണ്. എന്റെയൊരു ക്യാരക്ടര്‍ ഫോര്‍മേഷനൊക്കെ അവിടുന്നായിരുന്നു എന്നും ചെമ്പന്‍ വിനോദ് പറയുന്നു.

സിനിമക്കാരനാവുന്നതില്‍ വീട്ടുകാര്‍ പിന്തുണച്ചോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നും എന്റെ അമ്മയ്ക്കെന്തായാലും സിനിമയില്‍ വന്നിട്ട് ഞാന്‍ വഴിതെറ്റിപ്പോകുമെന്നൊന്നും പേടിയുണ്ടാവാന്‍ സാധ്യതയില്ലെന്നും കാരണം ഞാനതിന് കുറേക്കാലം മുന്‍പേ വഴിതെറ്റി എന്നായിരുന്നു ചെമ്പന്‍ വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞത്. അമ്മ എന്റെ എല്ലാ സിനിമയും കാണും. നന്നായിരുന്നു എന്നോ കുറച്ചുകൂടി കോമഡി വേണമായിരുന്നെടാ എന്നോ പറഞ്ഞെന്നിരിക്കും. ഇതുവരെ മോശമൊന്നും പറഞ്ഞിട്ടില്ല.

സിനിമ ഒഴിച്ചുനിര്‍ത്തിയാല്‍ ചെമ്പന്‍ വിനോദ് പിന്നെ ആരാണെന്ന ചോദ്യത്തിന് സിനിമ മാറ്റിനിര്‍ത്തിയാല്‍ പിന്നെ യാത്ര ചെയ്യുക, കള്ളുകുടിക്കുക, നല്ല ഭക്ഷണം കഴിക്കുക അതൊക്കെത്തന്നെയാണെന്നായിരുന്നു ചെമ്പന്റെ മറുപടി. പണ്ടേ ശരീരം ശ്രദ്ധിക്കുന്ന ആളാണു ഞാന്‍. മുഖം വെച്ചിട്ട് പ്രത്യേകിച്ച് ഇംപ്രസ് ആക്കാനൊന്നും പറ്റില്ലല്ലോ. ജിമ്മിലൊന്നും പോകാറില്ല. റെഗുലര്‍ എക്സര്‍സൈസ് എന്തെങ്കിലുമൊക്കെ ചെയ്യും. ഭക്ഷണവും കള്ളുകുടിയുമൊക്കെ ഉള്ളതുകൊണ്ട് വ്യായാമം ശ്രദ്ധിക്കും. അല്ലെങ്കില്‍ ബുദ്ധിമുട്ടാവില്ലേ. പാട്ടാണ് പിന്നെയെനിക്കിഷ്ടം. ഡ്രൈവ് ചെയ്യുമ്പോള്‍ പാട്ടുവെക്കും. രാവിലെ എഴുന്നേറ്റാല്‍ പാട്ടുവെക്കും. പാട്ട് കൂട്ടിനുണ്ട്. ഗംഭീരമായിട്ടല്ലെങ്കിലും ചില്ലറ വായനൊക്കെയുണ്ട് എന്നും ചെമ്പന്‍ വിനോദ് പറയുന്നു.

Vijayasree Vijayasree :