കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷായെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും തുടര്‍ന്ന് നാളെ ആശുപത്രി വിട്ടേക്കും എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അദ്ദേഹം നല്ല രീതിയില്‍ തന്നെ പോകുന്നുവെന്നും വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും ഷായുടെ സെക്രട്ടറി ജയ്‌രാജ് അറിയിച്ചു.
നസീറുദ്ദീന്‍ ഷായുടെ ശ്വാസകോശത്തില്‍ ന്യൂമോണിയയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രത്ന പതക്ക് ഷായാണ് വിവരം വാര്‍ത്ത ഏജന്‍സിയായ പിടിഐനെ അറിയിച്ചത്. നിലവില്‍ മുംബൈ ഇന്ദുജ ആശുപത്രിയില്‍ ചികിത്സയിലാണ് നസറുദ്ദീന്‍ ഷാ.
നസീറുദ്ദീന്‍ ഷാ തന്റെ അഭിനയ ജീവിതത്തില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിരുന്നു. 2020ല്‍ പുറത്തിറങ്ങിയ മേ റഖ്സം എന്ന സിനിമയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അതിന് മുമ്പ് ആമസോണ്‍ സീരീസായ ബാന്‍ഡിഷ് ബണ്ഡിറ്റ്സിലും അദ്ദേഹം അഭിനയിച്ചിരുന്നു.മാസൂം, സര്‍ഫറോഷ്, ഇക്ബാല്‍, എ വെന്‍സ്ഡേ, മണ്‍സൂണ്‍ വെഡ്ഡിങ്ങ്, മക്ബൂല്‍ എന്നിവയാണ് നസീറുദ്ദീന്‍ ഷായുടെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങള്‍.
സച്ച് എ ലോങ്ങ് ജേര്‍ണി, മാങ്കോ ഡ്രീംസ് തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്. 1979ലാണ് അദ്ദേഹം ആദ്യ ദേശീയ പുരസ്‌കാരം നേടുന്നത്. സ്പര്‍ശ് എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. 1984ല്‍ പാര്‍ എന്ന ചിത്രത്തിന് രണ്ടാം തവണയും ദേശീയ പുരസ്‌കാരം ലഭിച്ചു. മൂന്നാമത്തെ ദേശീയ പുരസ്‌കാരം 2005ല്‍ ഇക്ബാല്‍ എന്ന ചിത്രത്തിനായിരുന്നു ലഭിച്ചത്.