12 വര്‍ഷം മുമ്പ് താന്‍ ചെയ്‌തൊരു തെറ്റിന്റെ പേരില്‍ ഇന്നും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു; മറവി ഹര്‍ജിയുമായി ബോളിവുഡ് നടന്‍

ബോളിവുഡ് സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ താരമാണ് അശുതോഷ് കൗശിക്. ഇപ്പോഴിതാ താരം സമര്‍പ്പിച്ച ഹര്‍ജിയാണ് ചര്‍ച്ചയാകുന്നത്. 2021ലാണ് താരം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 12 വര്‍ഷം മുമ്പ് താന്‍ ചെയ്‌തൊരു തെറ്റിന്റെ പേരില്‍ ഇന്നും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അശുതോഷിന്റെ ഹര്‍ജി.

‘റൈറ്റ് ടു ബി ഫോര്‍ഗോട്ടോണ്‍’ എന്നതായിരുന്നു താരത്തിന്റെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്യപിച്ച് വാഹനമോടിച്ച കേസുമായി ബന്ധപ്പെട്ട് താരത്തിന്റെ വീഡിയോകളും പോസ്റ്റും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അശുതോഷ് നല്‍കിയ ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം തുടങ്ങി.

2009ലാണ് മദ്യപിച്ച് കാറോടിച്ച് അശുതോഷ് വാര്‍ത്തകളില്‍ നിറഞ്ഞത്. കേസില്‍ താരത്തിനെതിരെ കോടതി 2500 രൂപ പിഴ ഈടാക്കുകയും ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം നടന്ന് 12വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതിന്റെ പ്രത്യാഘാതങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് അശുതോഷിന്റെ പരാതി. വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക് പുറമെ തൊഴിലിടങ്ങളിലും തനിക്ക് നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും താരം വ്യക്തമാക്കുന്നു.

മറവി ഹര്‍ജി ഇന്ത്യയില്‍ പുതിയ സംഭവമാണെങ്കിലും മറക്കാനുള്ള അവകാശം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതാണ്. ഒരു വ്യക്തിയെക്കുറിച്ചുള്ള സ്വകാര്യ വിവരം ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് മറക്കാനുള്ള അവകാശം എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Vijayasree Vijayasree :