ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി ഇന്നും സിനിമയില്‍ സജീവമാണ്. ഇടയ്ക്ക് വെച്ച് ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിലും താരം എത്തിയിരുന്നു. ഇതോടെയായിരുന്നു ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യലക്ഷ്മി 49ാം ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്.
ഇപ്പോഴിതാ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. ടെലിവിഷന്‍ രംഗത്തുള്ള പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാണ് ഭാഗ്യലക്ഷ്മി എത്തുന്നത്. താരങ്ങളില്‍ ഒരാള്‍ ഭാഗ്യലക്ഷ്മിയുടെ ദേഷ്യത്തെ കുറിച്ച് ചോദിച്ചിരുന്നു. ഇതോടെ താനൊരു വഴക്കാളി ആണെന്ന് ആളുകള്‍ പറയാനുള്ള കാരണത്തെ കുറിച്ച് താരം പറയുകയാണ്.
പൊതുവേ ഞാന്‍ നല്ലൊരു വഴക്കാളി ആണെന്ന പേരുണ്ട്. ഞാന്‍ ഭയങ്കര ദേഷ്യക്കാരിയാണ്, വഴക്കാളിയാണ് എന്നൊക്കെ പറയുന്നവരുണ്ട്. അതിന് കാരണം എന്റെ ദേഷ്യമുള്ള മുഖം മാത്രമേ പുറത്ത് കണ്ടിട്ടുള്ളു. എന്റെ നല്ല വശം എന്റെ വീട്ടില്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു എന്നും താരം പറയുന്നു. അങ്ങനെ ദേഷ്യമുള്ളൊരു മുഖം ചേച്ചിയ്ക്കുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. ഞാന്‍ നല്ലോണം വൈലന്റ് ആവും. വേറൊരു ഭാവമായി പോവും. എന്റെ അടുത്ത് എന്തെങ്കിലും ചോദിക്കാന്‍ പേടിയാണെന്ന് എല്ലാവരും പറയും.
എന്നോട് ഐ ലവ് യൂ എന്ന് പറയാന്‍ പോലും പേടിയാണെന്ന് ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ അടുത്ത അടിയാണോന്ന് അറിയില്ലല്ലോ. എന്നെ കുറച്ച് കൂടി ആള്‍ക്കാര്‍ മനസിലാക്കാന്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ട്. പല തരത്തിലുള്ള ആള്‍ക്കാര്‍ ജീവിതരീതികള്‍ ഒക്കെ എന്നില്‍ കുറേ മാറ്റങ്ങള്‍ വരുത്തി. അതിലുപരി എനിക്ക് വലിയ മാറ്റം വന്നു എന്ന് പറയണമെങ്കില്‍ അത് മൂത്തമോനിലൂടെയാണ്. അയാള്‍ എന്നെ മോശമായി വിമര്‍ശിക്കാറുണ്ട്. എന്റെ എല്ലാ നെഗറ്റിവീറ്റിയും പറഞ്ഞ് മനസിലാക്കി തരുന്നത് മൂത്തമകനാണ്. അവന്‍ മുഖത്ത് നോക്കി തന്നെ പറയും. അതാണ് ഏറ്റവും നല്ല സുഹൃത്ത്.
ഞാന്‍ വലിയ സംഭവമായി ചില കാര്യങ്ങള്‍ പറയും. അത് വലിയ ക്രെഡിറ്റ് ഒന്നുമല്ല കേട്ടോ. പരമബോറ് സ്വഭാമായി പോയെന്ന് പറയും. അമ്മ എന്തിനാണ് അങ്ങനെ സംസാരിക്കുന്നത്. അത് ആള്‍ക്കാരുടെ സ്വഭാവമല്ലേന്ന് അവന്‍ പറയും. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ തെറിവിളി കേട്ടിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും കേള്‍ക്കുന്നുണ്ട്. എന്റെ മുഖം കണ്ടാല്‍ തെറി വിളിക്കും. എന്തോ എന്നോട് ഒരു വെറുപ്പ് പൊതുവേ ഉണ്ട്. അതെന്താണെന്ന് എനിക്ക് അറിയില്ല. അത് തിരുത്താന്‍ ഞാന്‍ ആദ്യം ശ്രമിച്ചിരുന്നു. അതിന് നില്‍ക്കണ്ടെന്ന് പറഞ്ഞത് മകനാണ്. അമ്മയ്ക്ക് അങ്ങനെ എത്ര ആളെ തിരുത്താന്‍ സാധിക്കും. അമ്മ എന്താണെന്ന് അമ്മയ്ക്ക് മാത്രമേ അറിയുകയുള്ളു. മക്കളായ ഞങ്ങള്‍ക്ക് പോലും അമ്മ എന്താണെന്ന് അറിയില്ലെന്ന് അവന്‍ പറഞ്ഞു. ആ ഒരു ലെവലിലേക്ക് വന്നതോടെ ഞാനിപ്പോള്‍ കംഫര്‍ട്ട് ആണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
അതേസമയം, സിനിമ രംഗത്തെത്തിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും താരത്തിന് നടക്കാത്ത ഒരു മോഹമുണ്ട്. മലയാളത്തിലെ പ്രമുഖ പല സംവിധായകന്മാര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ദുഃഖം മാത്രം ബാക്കിയാവുകയാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. അടൂരിന്റെ ചിത്രങ്ങളില്‍ അവസരം ലഭിക്കാത്തത് തന്റെ ഡബ്ബിങ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഇതുവരെയായിട്ടും അടൂര്‍ ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യാനുളള അവസരം ലഭിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അടൂര്‍ ചിത്രത്തില്‍ വോയിസ് ടെസ്റ്റിനെത്തിയപ്പോഴുണ്ടായ ഒരു സംഭവം ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. അടൂരിന്റെ ചിത്രമായ മതിലുകളിന്റെ വേയിസ് ടെസ്റ്റിന് തന്നേയും വിളിച്ചിരുന്നു. ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം വേണ്ടായെന്ന് പറഞ്ഞു.
എന്നാല്‍ അന്നൊക്കെ ഈ പറഞ്ഞതുപോലെ എന്തുകൊണ്ടാണ് നമ്മളെ വേണ്ടയെന്ന് വയ്ക്കുന്നതിനെ കുറിച്ചുളള ചിന്തയൊന്നും ഉണ്ടാകാറില്ല. എന്നാല്‍ അന്ന് ഞാന്‍ അദ്ദേഹത്തിനോട് കാര്യം തിരക്കിയിരുന്നു. എന്താ സാര്‍ കുഴപ്പം എന്ന് ചോദിച്ചപ്പോള്‍ ആദ്ദേഹം എന്നോട് പറഞ്ഞത്. ശബ്ദം കേള്‍ക്കുമ്പോള്‍ മതിലിനപ്പുറം ശോഭനയാണ് എന്ന് നില്‍ക്കുന്നതെന്നുള്ള ചെറിയ സംശയം വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെയാണ് ആ സിനിമയുടെ വലിയ വിജയവും. ആ മതിലിനപ്പുറത്ത് ആരാണ് സംസാരിക്കുന്നത് എന്നത് ആരും കാണുന്നില്ല. ആ കഥാപാത്രത്തിന് താന്‍ ശബ്ദം നല്‍കിയിരുന്നെങ്കില്‍ വലിയ പരാജയമായേനെ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.