തനിക്കെതിരെ നടന്നത് സംഘടിത ആക്രമണം; പോയി മരിച്ചുകൂടെ എന്നാണ് പലരും ചോദിച്ചത്; എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു; ഒടുവില്‍ എല്ലാം തുറന്ന് പറഞ്ഞ് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും മറ്റും ഭാവന എത്താറുണ്ട്.

ഇപ്പോഴിതാ താന്‍ നേരിട്ട അതിക്രമങ്ങളില്‍ വെളിപ്പെടുത്തലുകളുമായി നടി ഭാവന. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ സംഘടിത ആക്രമണമാണ് ഉണ്ടായതെന്നും പോയി മരിച്ചുകൂടെ എന്ന് സോഷ്യല്‍മീഡിയയിലൂടെ പലരും ചോദിച്ചുവെന്നും അവര്‍ വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം.

താന്‍ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ല, കാരണം വിഷയത്തില്‍ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടുമാണത്. 2017ല്‍ ഈ സംഭവത്തിന് ശേഷം നിരവധി പേര്‍ എന്നെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നു. പക്ഷെ മറുഭാഗത്ത് മറ്റൊരു ഗ്രൂപ്പുണ്ടായിരുന്നു. അവര്‍ വളരെ ലാഘവത്തോടെ എന്നെ പറ്റി ചാനലുകളില്‍ സംസാരിച്ചു. അവര്‍ക്കെന്നെ അറിയുക പോലും ഉണ്ടായിരുന്നില്ല. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നു, രാത്രി സഞ്ചരിക്കരുതായിരുന്നു എന്നെല്ലാം.

പിന്നാലെ എനിക്കെതിരെ മോശം രീതിയില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നു. ഞാന്‍ കൃതിമമായി ഉണ്ടാക്കിയ കേസാണിതെന്ന് പറഞ്ഞു. അത് വളരെ വേദനാജനകമായിരുന്നു. ഞാന്‍ കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ഞാന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്തോറും ഈ സംഭവങ്ങള്‍ എന്നെ പിന്നോട്ട് വലിച്ചു. ചിലപ്പോള്‍ എനിക്കിവരോട് വിളിച്ചു പറയണമെന്ന് തോന്നി. എന്നെ അച്ഛനുമ്മയും അത്തരത്തിലല്ല വളര്‍ത്തിയതെന്ന്. ഭാവന കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയാണ് അതിജീവനശ്രമങ്ങളേക്കുറിച്ച് നടി സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. ‘അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ഒരു പാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേ?ദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെ ഒരു അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേ ഇരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി’, എന്നായിരുന്നു നടി തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. പിന്നാലെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :