‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കും’, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താമെന്ന് പ്രതികളോട് പറഞ്ഞത് വിഐപി; വിഐപിയെ തിരിച്ചറിഞ്ഞ് ബാലചന്ദ്രകുമാര്‍!?

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടതായി സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്ന വിഐപിയുടെ വാക്കുകളും മൊഴികളില്‍ ബാലചന്ദ്രകുമാര്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇന്നു മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കുന്ന രഹസ്യമൊഴിയില്‍ വിഐപിയാരാണെന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയേക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുള്ള പ്രതികളുടെ ഗൂഢാലോചനയില്‍ വിഐപിയും പങ്കാളിയായ സാഹചര്യത്തില്‍ കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത് ഇയാളെയാണ്.

അതേസമയം, ഈ വിഐപിയെ ചുറ്റിപ്പറ്റിയുള്ള സസ്‌പെന്‍സ് ഒഴിവാക്കാന്‍ ഇന്നലെയും ബാലചന്ദ്രകുമാര്‍ തയാറായില്ല. ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. വിഐപിയെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായാണ് സൂചന.

അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താമെന്ന് പ്രതികളോട് പറഞ്ഞത് വിഐപിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അടിക്കടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള ഇയാളുടെ ബിസിനസ് ഇടപാടുകളും ദുരൂഹമാണ്. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് ‘വിഐപി’യുടെതാവാനാണു സാധ്യത.

അതേസമയം, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) ജയിലില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും. സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ചു കണ്ടെന്നാണു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ചും കണ്ടിട്ടുണ്ടെന്നു സുനി പറയുന്ന ഫോണ്‍ ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്നാണു സുനിയെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി വിചാരണക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

നടിക്കെതിരായ ആക്രമണത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു. സാക്ഷികളുടെ കൂറുമാറ്റമുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നും സതീദേവി പറഞ്ഞു.

Vijayasree Vijayasree :