തിങ്കളാഴ്ച 10.15 ന് അത് സംഭവിക്കും!; ആ വമ്പന്‍ ഓഡിയോ പുറത്ത് വിടും, എല്ലാം കേട്ടതിനു ശേഷം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ബാലചന്ദ്രകുമാര്‍; കേസില്‍ ദിലീപിന് മാത്രം എന്താണ് പ്രത്യേകതയെന്ന് പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. 5 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോയെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഇങ്ങനെ ഒരുസിനിമയില്‍ അങ്ങനെയുണ്ട്. ആ രീതിയില്‍ കൊല നടപ്പാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ഡിജിപി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും കൊടുത്തിട്ടുണ്ട്. കോടതി വിധി വന്ന ശേഷം ദീലീപിന്റെ ശബ്ദസന്ദേശം പുറത്തുവിടും. എന്നാല്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിടാന്‍ പാടില്ലെന്ന് കോടതി പറഞ്ഞാല്‍ അത് അനുസരിക്കുമെന്നും ദിലീപ് പറഞ്ഞു.

കോടതിയുടെ മുന്‍പിലിരിക്കുന്ന കാര്യങ്ങളായിരുന്നതുകൊണ്ടാണ് പുറത്തുവിടാത്തത്. നിര്‍ണായക തെളിവകളാണ് പൊലീസില്‍ നല്‍കിയത്. ബൈജുപൗലോസിന് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ പ്രതിക്ക് എന്താണ് ഇത്ര പരിഗണനയെന്ന് സമൂഹം ചോദിക്കാന്‍ തുടങ്ങിയെന്നും ദീലീപിന് എത്രമാത്രം കഴിവുണ്ടെന്ന് കാണിക്കുന്നതാണ് ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ദിലീപിന് മാത്രം എന്താണ് പ്രത്യേകതയെന്ന് പ്രോസിക്യൂഷന്‍. ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ആവര്‍ത്തിച്ച പ്രോസിക്യൂഷന്‍ ദിലീപ് നിയമത്തിന് വഴങ്ങണമെന്ന് ചൂണ്ടിക്കാട്ടി. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തുള്ള അന്വേഷണത്തില്‍ മാത്രമേ വസ്തുതകള്‍ ശേഖരിക്കാനാകൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്റെ വിഡിയോ ലഭിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരാണ് പ്രതികള്‍. പ്രതികളിലൊരാള്‍ സെലിബ്രിറ്റിയായിരിക്കാം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമപരിരക്ഷ പ്രതിക്ക് നല്‍കിയാല്‍ പൊതുജനങ്ങള്‍ക്ക് നിയമസംവിധാനത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നെങ്കില്‍ ഗൂഡാലോചന തെളിയിക്കാന്‍ കഴിയുമായിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയുള്ള ഇടക്കാല കോടതി ഉത്തരവ് അന്വേഷണത്തെ ബാധിച്ചു. പ്രതികള്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്. വീട്ടിലെ ഗൂഢാലോചനയ്ക്ക് പുറമെ എംജി റോഡിലെ മേത്തര്‍ ഹോമിലെ മഞ്ജുവാര്യരുടെ ഫ്ളാറ്റിലും പ്രതികള്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ബൈജു പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇവിടെ വച്ച് പ്രതികള്‍ നടത്തിയത്. 2017 ഡിസംബറിലാണ് ഈ ഫ്ളാറ്റില്‍ വച്ച് ഗൂഢാലോചന നടന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വെറും ശാപ വാക്കല്ല ദിലീപ് പറഞ്ഞത്. പ്രതി ഉപയോഗിച്ച ചില വാക്കുകള്‍ ശാപ വാക്കായി കണക്കാക്കിയാല്‍ പോലും ‘പണി കൊടുക്കുമെന്ന്’ പറയുന്നത് ഒരിക്കലും അത്തരം പ്രയോഗമായി കാണാന്‍ പറ്റില്ല. ബാലചന്ദ്രകുമാറെന്ന ദൃക്‌സാക്ഷിയുള്ള കേസാണിത്. ബാലചന്ദ്രകുമാര്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയം പൊലീസിനെ അറിയിക്കുമെന്ന പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടഞ്ഞുവെന്നും ദിലീപ് നമ്മളെ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞതായുമുള്ള മൊഴി പ്രോസിക്യൂഷന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചു.

Vijayasree Vijayasree :