മോണ്‍സണുമായി അടുത്ത ബന്ധം, പുരാവസ്തുക്കള്‍ വില്‍ക്കാന്‍ സഹായം, ഒടുവില്‍ ഇരുവരും തെറ്റി, പിന്നാലെ ബാലഭാസ്‌കറിന്റെ മരണവും!; ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷണത്തിന്!

മലയാള സിനിമാ ആസ്വാദകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയായിരുന്നു വയലനിസ്റ്റ് ബാല ഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തിയത്. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും സിബിഐ ആവര്‍ത്തിക്കുമ്പോഴും മരണത്തിലുള്ള ദുരൂഹത നീങ്ങിയിട്ടില്ല. മാതാപിതാക്കള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സിബിഐയുടെ മറുപടി. മരണത്തില്‍ അട്ടിമറിയൊന്നും ഇല്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിയായി എത്തിയ കലാഭവന്‍ സോബിക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയില്‍ നിലപാടെടുത്തു.

എന്നാല്‍ ഇപ്പോഴിതാ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോണ്‍സന്‍ മാവുങ്കലിന്റെ ഇടപാടുകളും സാമ്പത്തിക സ്‌ത്രോതസുകളുമെല്ലാം പരിഗണിക്കുമ്പോള്‍ വീണ്ടും ബാലഭാസ്‌കറിന്റെ മരണം ചര്‍ച്ചയാകുകയാണ്. ബാലഭാസ്‌കറും മോണ്‍സണും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ബാലഭാസ്‌കര്‍ വിദേശത്തേയ്ക്ക് പോകുമ്പോള്‍ പലതരത്തലുള്ള പുരാവസ്തുക്കള്‍ പലയിടങ്ങളില്‍ നിന്നായി വാങ്ങിക്കൊണ്ടു വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്ന ഇരുവരും ഇടയ്ക്ക് വെച്ച് തെറ്റിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബാലഭാസ്‌കറിന് മരണം സംഭവിക്കുന്നതും.

മോണ്‍സണിന്റെ ഉന്നത ബന്ധങ്ങളും ഗുണ്ടാസംഘങ്ങളും പ്രൈവറ്റ് സെക്യുരിറ്റിയുമെല്ലാം തന്നെ സംശയത്തിന്റെ നിഴലിലാണ്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിലാണ് ബാലഭാസ്‌കറുമായുള്ള ബന്ധം പുറത്തായത്. തന്റെ അടുത്ത സുഹൃത്ത് വഴിയായിരുന്നു ബാലഭാസ്‌കര്‍ മോണ്‍സണുമായി ബന്ധപ്പെട്ടിരുന്നത്. ഇയാളുടെ കല്ലൂരുള്ള മ്യൂസിയത്തില്‍ ബാല ഭാസ്‌കര്‍ പോയിരുന്നു. അതോടൊപ്പം മ്യൂസിയത്തിലെ പല സാധനങ്ങളും വില്‍ക്കുന്നതിന് സഹായിക്കാമെന്നും ബാലഭാസ്‌കര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത്രയും അടുപ്പം സൂക്ഷിച്ചിരുന്ന ഇവര്‍ എങ്ങനെ പിരിഞ്ഞു എന്ത് കാരണത്താല്‍ പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടര്‍ന്ന് സി.ബി.ഐയും അന്വേഷണം നടത്തിയെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസില്‍ പിന്നീട് പിടിക്കപ്പെട്ട പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ ബാലഭാസ്‌കറുമായുളള സൗഹൃദം മുതലെടുത്ത് നടത്തിയ ദുരൂഹമായ ഇടപാടുകളൊന്നും കാര്യമായി അന്വേഷിച്ചിട്ടില്ലെന്നാണ് ആരോപണം.

കേന്ദ്ര സുരക്ഷാ സേനയുടെ ശക്തമായ കാവലും നിരീക്ഷണവുമുള്ള തലസ്ഥാനത്തെ അന്തര്‍ദേശീയ വിമാനത്താവളം വഴി കസ്റ്റംസ് സൂപ്രണ്ടിനെ കൂട്ടുപിടിച്ച് കോടികളുടെ സ്വര്‍ണക്കടത്ത് നടത്തിയ ഇവര്‍ സാമ്പത്തിക ലാഭത്തിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കുമായി എന്ത് നീച പ്രവര്‍ത്തികളും ചെയ്യുമെന്നിരിക്കെ ബാലഭാസ്‌കര്‍ അറിയാതെ ബാലഭാസ്‌കറിന്റെ പേരും പെരുമയും മുതലെടുത്ത് വിഷ്ണുവും പ്രകാശ് തമ്പിയും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ പലതും ചെയ്തിട്ടുണ്ടെന്ന സംശയം തുടക്കം മുതലേ ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കുടുംബവും ഉന്നയിക്കുന്നുണ്ട്.

ബാലഭാസ്‌കര്‍ മരിക്കും മുമ്പ് സ്വര്‍ണകള്ളക്കടത്ത് പ്രതികളിലൊരാളുടെ ബന്ധുവായ ഇന്‍ഷ്വറന്‍സ് ഏജന്റ് മുഖാന്തിരം 40 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി ബാലഭാസ്‌കറിന്റെ പേരില്‍ എടുക്കാനിടയായതും അതിന് പ്രീമിയം ഇനത്തില്‍ ബാലഭാസ്‌കര്‍ നല്‍കിയ 3,17,000 രൂപയുടെ കാഷിന് പകരം ദുരൂഹമായ ചെക്ക് ഇടപാടുകള്‍ നടത്തുകയും ഇന്‍ഷ്വറന്‍സ് കമ്പനി ഏജന്റിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതുള്‍പ്പെടെ അവിശ്വസനീയമായ സാമ്പത്തിക തിരിമറികളും ക്രമക്കേടുകളുമാണ് നടന്നിട്ടുള്ളത്

ബാലഭാസ്‌കറിന്റെ പണം ഉപയോഗിച്ച് നഗരത്തില്‍ സ്വന്തം പേരില്‍ ഇവര്‍ നടത്തിയ അപ്പാര്‍ട്ട്മെന്റ് ഇടപാടുകള്‍, മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോടികള്‍ മുടക്കി നടത്തിയ ആഡംബരകാര്‍ കച്ചവടം, കാറ്ററിംഗ് സര്‍വ്വീസിനെന്ന പേരില്‍ ബാലഭാസ്‌കറുമായി വിഷ്ണുസോമസുന്ദരം നടത്തിയ അരക്കോടിയിലേറെ രൂപയുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുമ്പോാഴാണ് ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തലുകളെ ശരിവയ്ക്കും വിധത്തില്‍ സംഭവം അപകടമാണെന്ന നിഗമനത്തില്‍ സിബിഐയും എത്തിയിരിക്കുന്നത്

അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ സ്യൂട്ട്കേസ്, ബാഗുകള്‍, ആഭരണങ്ങള്‍ എന്നിവ ബന്ധുക്കളുടെ ആരുടെയും സാന്നിദ്ധ്യമില്ലാതെ മംഗലപുരം പൊലീസ് സ്റ്റേഷനില്‍ നിന്ന് ധൃതിപിടിച്ച് പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും കൈപ്പറ്റിയതുള്‍പ്പെടെ പലതെളിവുകളും സി.ബി.ഐ സംഘത്തിന്റെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോയെന്നതും ദുരൂഹമാണ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന യുവാവിന്റെ മൊഴിമാറ്റവും യാത്രാ മദ്ധ്യേ ജ്യൂസ് കഴിക്കാനിറങ്ങിയ കൊല്ലത്തെ ഫ്രൂട്ട്സ് കടയില്‍ വിഷ്ണുവും പ്രകാശ് തമ്പിയും കാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുമ്പെട്ടതും ദുരൂഹതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

Vijayasree Vijayasree :