തെറ്റൊന്നും ചെയ്യുന്നില്ല, ആരെയും ദ്രോഹിക്കുന്നുമില്ല, ഉപദ്രവിക്കുന്നുമില്ല; അമ്പലത്തില്‍ പോയി എന്ന് വച്ച് എനിക്ക് മനസ്സിന് പ്രത്യേക സുഖമോ അങ്ങനെ ഒന്നും ഇല്ല, പിന്നെ എന്തിനാണ് അമ്പലത്തില്‍ പോകുന്നത്?

നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബൈജു സന്തോഷ്. ഇപ്പോഴിതാ താന്‍ അന്ധവിശ്വാസിയല്ലെന്ന് പറയുകയാണ് ബൈജു. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മൂകാംബിക പോയപ്പോഴാണ് അവസാനമായി അമ്പലത്തില്‍ പോയത് എന്ന കാര്യം പങ്കുവച്ചു കൊണ്ടാണ് ബൈജുവിന്റെ വാക്കുകള്‍. ഷൂട്ട് കഴിഞ്ഞ് എത്തിയപ്പോള്‍ ദാസേട്ടന്‍ അമ്പലത്തില്‍ പോകാന്‍ ഇറങ്ങുന്നു. ദാസേട്ടന്‍ വിളിച്ചതു കൊണ്ട് പോയി എന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. 

ഞാന്‍ അന്ധവിശ്വാസിയല്ല. വിശ്വാസങ്ങള്‍ക്ക് എതിരുമല്ല. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ ഷൂട്ട് ചെയ്യാന്‍ മൂകാംബിക പോയപ്പോള്‍ ആണ് അവസാനമായി അമ്പലത്തില്‍ പോയത്. അന്ന് ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് ഹോട്ടലില്‍ എത്തിയപ്പോള്‍ ദാസേട്ടന്‍ അമ്പലത്തില്‍ പോകാന്‍ ഇറങ്ങുന്നു.

എന്നെ കണ്ടയുടന്‍ ചോദിച്ചു, അമ്പലത്തില്‍ വരുന്നില്ലേ? ഞാന്‍ പറഞ്ഞു പിന്നെന്താ.. ദാസേട്ടന്‍ വിളിച്ചതല്ലേ.. അന്ന് ദാസേട്ടന്റെ പിറന്നാള്‍ ആയിരുന്നു. അങ്ങനെ ദാസേട്ടന്റെ കൂടെ അമ്പലത്തില്‍ കയറിയതാ. എന്നെ സംബന്ധിച്ച് അമ്പലത്തില്‍ പോയി എന്ന് വച്ച് എനിക്ക് മനസ്സിന് പ്രത്യേക സുഖമോ അങ്ങനെ ഒന്നും ഇല്ല.

എനിക്ക് അങ്ങനെ പ്രാര്‍ത്ഥനകളും ഇല്ല. ഞാന്‍ ജ്യോല്‍സ്യന്‍മാരെ കാണാനും പോകാറില്ല. ഞാന്‍ എന്റെ മനസ്സിനോട് ചോദിക്കുന്നത്, നീ വേറെ തെറ്റൊന്നും ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നുമില്ല, ഉപദ്രവിക്കുന്നുമില്ല. ആരെയും പറ്റിക്കുന്നുമില്ല. എനിക്ക് അങ്ങനെ ഒരു പേടിയുമില്ല. പിന്നെ എന്തിനാണ് അമ്പലത്തില്‍ പോകുന്നത്?

എന്നു വച്ച് ഈ അമ്പലത്തില്‍ പോകുന്നവരൊക്കെ ഇതൊക്കെ ചെയ്യുന്നവരാണ് എന്നല്ല, എന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്ന് വച്ച് അമ്പലത്തില്‍ പോകുന്നവരോട് ഞാന്‍ എതിരല്ല. ഞാന്‍ തികഞ്ഞ ഒരു ഈശ്വരവിശ്വാസിയല്ല എന്ന് തന്നെ പറയാം. എന്നെ സംബന്ധിച്ചടത്തോളം സൂര്യനും ചന്ദ്രനുമാണ് എന്റെ ദൈവങ്ങള്‍. വേറെ ഒരു ദൈവങ്ങളിലും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ബൈജു പറഞ്ഞു. 

Vijayasree Vijayasree :