അടുത്ത കാലത്ത് കേരള പൊലീസിനോട് ഏറ്റവുമധികം ബഹുമാനം തോന്നിയത് ആ നിമിഷം; ചുരുളിയെ കുറിച്ച് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍

ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും സൃഷ്ടിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ചുരുളി. ഇപ്പോഴിതാ ചുരുളിയെ പറ്റി കേരള പൊലീസ് എഴുതിയ റിപ്പോര്‍ട്ടാണ് ഏറ്റവും മനോഹരമായ റിവ്യൂ എന്ന് പറയുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. അടുത്ത കാലത്ത് കേരള പൊലീസിനോട് ഏറ്റവുമധികം ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘പുറത്ത് നിന്നും സെന്‍സര്‍ ചെയ്യപ്പെടുക എന്നത് കല എക്കാലത്തും നേരിട്ട വെല്ലുവിളിയാണ്. കാരണം അധികാരം ഏറ്റവുമധികം ഭയപ്പെടുന്നത് കലയെയാണ്. ചുരുളിയെ കുറിച്ച് ഏറ്റവും മനോഹരമായി എഴുതിയ റിവ്യുവാണ് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട്.

കേരള പൊലീസിനോട് അടുത്ത കാലത്ത് ബഹുമാനം തോന്നിയത് അത് വായിച്ചിട്ടാണ്. പത്മകുമാര്‍ സാറിനെ പോലുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ തലപ്പത്തിരുന്ന് എഴുതിയതുകൊണ്ടാവാം, പൊലീസ് അങ്ങനെയൊരു സമീപനം എടുത്തത് നല്ല കാര്യമാണ്.

ഒരു തരത്തിലുള്ള പൊലീസിങ്ങിനും കലയില്‍ പ്രസക്തിയില്ല,’ അദ്ദേഹം പറഞ്ഞു. ചുരുളി കണ്ട് ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Vijayasree Vijayasree :