വാരിയംകുന്നനില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്…!; ഇതേ കുറിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് ആഷിഖ് അബു

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. ഇപ്പോഴിതാ വാരിയംകുന്നന്‍ എന്ന സിനിമയുടെ സംവിധാനത്തില്‍ നിന്നും താന്‍ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആഷിഖ് അബു. വിമര്‍ശനങ്ങളോ പ്രചാരണങ്ങളോ ഭയന്നല്ല സിനിമയില്‍ നിന്നും പിന്മാറിയതെന്നും ആഷിഖ് അബു പറഞ്ഞു.

ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വലിയ സാമ്പത്തിക ബാധ്യതയുള്ളതും ചരിത്രത്തോട് നീതി പുലര്‍ത്തി ചേയ്യണ്ടതുമായ സിനിമയായിരുന്നു വാരിയംകുന്നന്‍. ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ആദ്യം മുതലുണ്ടായിരുന്നു. നിര്‍മ്മാതാക്കള്‍ക്ക് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ട്.

സംവിധായകന്‍ എന്ന നിലയിലെ പിന്മാറ്റത്തില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നും സ്വാധീനിച്ചിട്ടില്ല എന്നും ആഷിഖ് അബു വ്യക്തമാക്കി. പൃഥ്വിരാജിനെ നായകനാക്കി മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു വാരിയംകുന്നന്‍.

ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം പൃഥ്വിരാജും ആഷിഖ് അബുവും നേരിട്ടിരുന്നു. ഇതാണ് സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണമെന്ന് അഭ്യൂഹങ്ങളും വന്നിരുന്നു. ഇത് സംബന്ധിച്ച് ആദ്യമായാണ് സംവിധായകന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

Vijayasree Vijayasree :