ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നു പറയുന്ന സിനിമ നിലവാരം കുറഞ്ഞു പോയത് കൊണ്ടാണ് താങ്കളുടെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ പരാജയമായി അത് മാറിയത്; കമന്റിന് മറുപടിയുമായി അരുണ്‍ ഗോപി

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍ ഗോപി. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കിയ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ബോക്സോഫീസില്‍ പരാജയപ്പെട്ട ചിത്രത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് വന്ന ഒരു കമന്റിന് മറുപടി കൊടുത്തിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മികച്ച സീരിയലിന് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിച്ച് അരുണ്‍ ഗോപി പങ്കുവച്ച പോസ്റ്റിന് താഴെയാണ് കമന്റ് വന്നത്. ”നിലവാരം ഒരു വിഷയം തന്നാണ്.. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നു പറയുന്ന സിനിമ നിലവാരം കുറഞ്ഞു പോയത് കൊണ്ടാണ് താങ്കളുടെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ പരാജയമായി അത് മാറിയതും..” എന്നാണ് കമന്റ്.

”കറക്ട്” എന്നാണ് കമന്റിന് അരുണ്‍ ഗോപിയുടെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സായ ഡേവിഡ്, മനോജ് കെ. ജയന്‍, ധര്‍മ്മജന്‍, ഷാജോണ്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Vijayasree Vijayasree :