‘എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാന്‍ വേറൊരു തെണ്ടിയുടെ ആവശ്യമില്ല’; തന്റെ വ്യാജ അക്കൗണ്ടിനെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ അരുണ്‍ ഗോപി

രാമലീല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്മാരില്‍ ഒരാളായി മാറിയ താരമാണ് അരുണ്‍ ഗോപി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഫേസ്ബുക്കില്‍ തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. 

‘ഇതാ ഒരു അപരന്‍.. ശ്രദ്ധിക്കുക എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല  ദയവായി ശ്രദ്ധിക്കുക  എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാന്‍ വേറൊരു തെണ്ടിയുടെ ആവശ്യമില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ വ്യാജ അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

രാമലീല എന്ന സിനിമയിലൂടെ സംവിധാന മേഖലയിലേക്ക് കടന്നു വന്നയാളാണ് അരുണ്‍ ഗോപി. അന്തരിച്ച തിരക്കഥാകൃത്ത് സച്ചിയുടെ രചനയില്‍ പുറത്തിറങ്ങിയ രാമലീല ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു. 

ദിലീപ്, ഷാജോണ്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയരാഘവന്‍, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. തുടര്‍ന്ന് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയും അരുണ്‍ ഗോപി ഒരുക്കിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം തന്റെ പഴയകാല ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആയിരുന്നപ്പോഴുണ്ടായിരുന്ന ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചത്. അന്നൊരു നാളില്‍… ക്ലാപ്പ് ബോര്‍ഡ് അടിക്കുക എന്ന ലോകത്തിലെ ഏറ്റവും പ്രയാസമേറിയ പണിയില്‍ നിന്നും രക്ഷപെടാനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുറവാണെന്ന വ്യാജേനെ പോലീസ് വേഷത്തില്‍ രക്ഷപെട്ടു അന്തം വിട്ടു കുന്തം വിഴുങ്ങി നില്ക്കുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ ജുവാവ്… 

സാലു ജോര്‍ജ് സര്‍ ആയിരുന്നു ക്യാമറാമാന്‍ എന്നെ ക്ലാപ്ബോര്‍ഡുമായി കണ്ടാല്‍ സാറിന് ചെകുത്താന്‍ കുരിശ് കാണുന്നത് പോലെ ആയിരുന്നു കുറ്റം പറയാന്‍ പറ്റില്ല, കാരണം ഞാന്‍ പൊതുവെ സര്‍ വെയ്ക്കുന്ന ഫ്രെമിന്റെ അപ്പുറത്തെ ക്ലാപ് വെക്കൂ മധു സര്‍ എന്ന ഗുരുമുഖത്തുനിന്നു ശകാരവര്‍ഷങ്ങള്‍ ഏറ്റു വാങ്ങി തോല്‍ക്കാന്‍ തയ്യാറല്ലാത്ത ആ കാലത്തിന്റെ ഓര്‍മ്മയ്ക്ക്.. പ്രിയ ജിഷ്ണുവിനൊപ്പം ജിഷ്ണു ആയിരുന്നു ആദ്യ നടനായ സുഹൃത്ത് എന്നായിരുന്നു പോസ്റ്റ്. 


Vijayasree Vijayasree :