ഏറെ ആരാധകരുള്ള താരങ്ങളാണ് സോനം കപൂറും അര്‍ജുന്‍ കപൂറും. ഇപ്പോഴിതാ ബാല്യകാലത്തെ രസകരമായ സ്‌കൂള്‍ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. സോനം കപൂറിന് വേണ്ടി സ്‌കൂളില്‍ മറ്റുകുട്ടികളുമായി വഴക്ക് കൂടി ഒടുവില്‍ അത് സസ്പെന്‍ഷനില്‍ എത്തിയ കഥയാണ് താരം പങ്കുവച്ചത്. അര്‍ജുന്റെ പിതൃസഹോദര പുത്രിയാമ് സോനം കപൂര്‍.
‘ഞാനും സോനവും ഒരു സ്‌കൂളിലാണ് പഠിച്ചത്. ഞാന്‍ നന്നായി തടിച്ച ഒരു കുട്ടിയായിരുന്നു. എനിക്ക് ആ സമയത്ത് ബാസ്‌കറ്റ് ബോളിനോട് കടുത്ത ഭ്രമം ഉണ്ടായിരുന്നു. സോനവും ബാസ്‌കറ്റ് ബോള്‍ കളിക്കുമായിരുന്നു. ഒരിക്കല്‍ സോനം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ വന്ന് ബോള്‍ തട്ടിപ്പറിച്ചു. ഇനി അവരുടെ സമയമാണെന്നും സോനം പുറത്ത് പോകണമെന്നും പറഞ്ഞു. കരഞ്ഞുകൊണ്ട് സോനം എനിക്കരികില്‍ വന്നു.
ഒരു പയ്യന്‍ മോശമായി പെരുമാറിയെന്ന് എന്നോട് പറഞ്ഞു. എനിക്കത് കേട്ടപ്പോള്‍ ദേഷ്യം വന്നു. ആരാണവന്‍ എന്ന് ചോദിച്ച് ഞാന്‍ അയാള്‍ക്കരികിലേക്ക് നടന്നു ചെന്നു. അയാള്‍ എന്നെ മോശം വാക്കുകള്‍ വിളിക്കാന്‍ തുടങ്ങി. പിന്നീട് വഴക്ക് കയ്യാങ്കളിയിലെത്തി. അങ്ങോട്ടും ഇങ്ങോട്ടും അടിക്കുകയും ഇടിക്കുകയും ചെയ്തു. അയാളുടെ ഇടിയേറ്റ് എന്റെ കണ്ണിന് ചുറ്റും കറുത്ത നിറമായി. വഴക്കിനൊടുവില്‍ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഷനും ലഭിച്ചു. വീട്ടിലേക്ക് പോകുന്ന വഴി സോനം എന്നോട് മാപ്പ് പറഞ്ഞുകൊണ്ടേയിരുന്നു.
എന്നെ ഉപദ്രവിച്ച് കുട്ടി ബോക്സിങ് ചാമ്പ്യനായിരുന്നുവെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ഞാന്‍ പിന്നീടൊരിക്കല്‍ സോനത്തോട് പറഞ്ഞു. ഇനി സ്‌കൂളില്‍ നീ നിന്നെ തന്നെ നോക്കണം, എന്നോട് പരാതി പറയരുതെന്ന് എന്നും അര്‍ജുന്‍ കപൂര്‍ പറഞ്ഞു. നിര്‍മാതാവായ ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍. അദ്ദേഹത്തിന്റെ സഹോദരനും നടനുമായ അനില്‍ കപൂറിന്റെ മകളാണ് സോനം. കപൂര്‍ കുടുംബത്തിലെ പൂര്‍വികരെ പിന്തുടര്‍ന്നാണ് ഇരുവരും ബോളിവുഡ് സിനിമയില്‍ എത്തിയത്.