നമ്മുടെയും പ്ലാനുകള്‍ തെറ്റിയിരിക്കുന്നു, പ്രോട്ടോകോളുകള്‍ പാലിച്ച് ചിത്രീകരണം നടത്താം എന്ന് പറഞ്ഞാല്‍ അത് പരിഗണിക്കേണ്ടതാണ്; പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത് കൊണ്ട് പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി ഹൈദരാബാദിലേക്ക് മാറ്റുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയാകുകയാണ്. നാളെ ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ വെച്ച് നടക്കും. പൂജയോടൊപ്പം ചിത്രത്തിന്റെ ആദ്യ ഷോട്ടും ചിത്രീകരിക്കും എന്നാണ് പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

കേരളത്തില്‍ ഷൂട്ടിങ്ങിനുള്ള അനുവാദം സമയമായിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് ചിത്രീകരണം മാറ്റിയത്. നാളെ ചിത്രീകരണം തുടങ്ങുകയാണ്. രണ്ടു സിനിമകളുടെ ചിത്രീകരണം തുടങ്ങാനായിരുന്നു പ്ലാന്‍. രണ്ടിലും മോഹന്‍ലാല്‍ സര്‍ തന്നെയാണ് നായകന്‍. ഒരു സിനിമ ജോസഫ് സംവിധാനം ചെയ്യുന്നത് മറ്റേത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നതുമാണ്. അതില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നാളെ ഹൈദരാബാദില്‍ തുടങ്ങും.

തീയേറ്ററുകള്‍ തുറക്കുക എന്നത് രോഗനിയന്ത്രണം കൂടെ നോക്കിയിട്ടു വേണം. എന്നാല്‍ ഷൂട്ടിങ്ങ് അങ്ങനെയല്ല. ചില പ്രോട്ടോകോളുകള്‍ ഉണ്ട്. അത് പാലിച്ച് ചിത്രീകരണം നടത്താം എന്ന് പറഞ്ഞാല്‍ അത് പരിഗണിക്കേണ്ടതാണ്. അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് വളരെ വൈകി പോയി. നമ്മുടെയും പ്ലാനുകള്‍ തെറ്റിയിരിക്കുന്നു.

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ‘നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞത്.

Vijayasree Vijayasree :