ലാല്‍ സാര്‍ ഒരു കാര്യം വിചാരിച്ചാല്‍ അതു നടത്തിയെടുക്കും, ലാല്‍ സാറിന്റെ സ്വഭാവം എനിക്കു നന്നായി അറിയാം; അന്ന് കൂടെ നില്‍ക്കില്ലേ എന്നായിരുന്നു ചോദിച്ചത്

ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് മോഹന്‍ലാലെന്നും ലാല്‍ സാറിന്റെ ആ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം മോഹന്‍ലാലിന്റെ മനസില്‍ മൊട്ടിട്ടിട്ട് കുറച്ചു നാളുകളായെന്നും കഴിഞ്ഞ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് അതിനെ കുറച്ചുകൂടി ഗൗരവമായി കണ്ടതെന്നും ആന്റണി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ആന്റണീ, എനിക്ക് ഒരു സിനിമ ചെയ്യണം. കൂടെ നില്‍ക്കില്ലേ എന്നായിരുന്നു ലാല്‍ സര്‍ ചോദിച്ചത്. ലാല്‍ സാര്‍ ഒരു കാര്യം വിചാരിച്ചാല്‍ അതു നടത്തിയെടുക്കും. ലാല്‍ സാറിന്റെ സ്വഭാവം എനിക്കു നന്നായി അറിയാം. സാറിന്റെ മനസ്സു മുഴുവന്‍ ഈ സിനിമയിലാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു. സാര്‍ ധൈര്യമായി പൊയ്ക്കോളൂ. ആശിര്‍വ്വാദ് ടീം ഒന്നടങ്കം പിന്നിലുണ്ടാകും. എന്റെ ഈ വാക്കുകള്‍ സാറിനു ധാരാളമായിരുന്നു’ എന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ലാല്‍ സാറിന്റെ അഭിനയ ജീവിതത്തിനു തുടക്കമിട്ടത് നവോദയയുടെ സൂത്രധാരന്‍ ജിജോ സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവില്‍ ഏറെ നിര്‍ണായകമായ വ്യക്തിയാണ് ജിജോ സാര്‍. ജിജോ പറഞ്ഞ ഒരു കഥ ലാല്‍ സാറിന് ഏറെ ഇഷ്ടമായി.ആ കഥ വിഷ്വലൈസ് ചെയ്തു കൊണ്ട് തന്റെ ചലച്ചിത്ര ജീവിതത്തിന്റെ മറ്റൊരു മേഖലയിലേക്ക് അദ്ദേഹം കടന്നു, ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മാര്‍ച്ച് 31ാം തിയതിയാണ് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ചിത്രീകരണം തുടര്‍ന്നു. കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Vijayasree Vijayasree :