പൃഥ്വിരാജിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനും തിയേറ്റര്‍ വിലക്ക്; ഇരുവര്‍ക്കുമെതിരെ രഹസ്യമായി വോട്ടെടുപ്പ്

പൃഥ്വിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും തിയേറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍. കൊച്ചിയില്‍ നടക്കുന്ന ഫിയോക്കിന്റെ അടിയന്തര യോഗത്തിലാണ് തിയേറ്റര്‍ ഉടമകള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ഒച്ചപ്പാടിലേക്കും യോഗം എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും എതിരെ രഹസ്യമായി വോട്ടെടുപ്പ് നടത്തുകയാണ് ഫിയോക് ഇപ്പോള്‍. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയില്‍ നല്‍കുന്നതും ബ്രോ ഡാഡി, മരക്കാര്‍ എന്നിവ ഒടിടി റിലീസിന് എത്തിയേക്കും എന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തിയേറ്റേറുടമകള്‍ ഇത്തരത്തിലൊരു ആവശ്യവുമായി എത്തിയിരിക്കുന്നത്.

ഇവരുടെ ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടെന്ന നിലപാട് വന്നതോടെയാണ് വലിയ ചര്‍ച്ചയിലേക്ക് പോയത്. രഹസ്യ ബാലറ്റ് പേപ്പര്‍ വഴിയാണ് വോട്ടെടുപ്പ് നടക്കുന്നത്.

മരക്കാര്‍ ഒ.ടി.ടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ വ്യക്തമാക്കി. മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

ഇതിനിടെ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. 40 കോടി രൂപയാണ് തിയേറ്റര്‍ ഉടമകള്‍ മരക്കാറിനായി നല്‍കിയിരിക്കുന്നത്. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ തിയേറ്ററുകള്‍ക്ക് അത് കനത്ത നഷ്ടമാണ് ഉണ്ടാക്കുക.

Vijayasree Vijayasree :