‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് ചെല്ലുക; സിഐഡി മൂസയുടെ സംവിധായകനാണ്, അതുകൊണ്ടു തന്നെ അപാര ടൈമിംഗാണ്

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍. വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന സംവിധായകന്‍ ജോണി ആന്റണിയെ കുറിച്ച് പറയുകയാണ് അദ്ദേഹമിപ്പോള്‍.

‘ഡോ. ബോസ് എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. ‘ജോണി ചേട്ടന്റെ സീന്‍ ഷൂട്ട് ചെയ്യാനുണ്ടെങ്കില്‍ ഒരു കോമഡി സിനിമ കാണുന്ന മൂഡിലാണ് ലൊക്കേഷനിലേക്ക് ചെല്ലുക. എല്ലാത്തിലും ഹ്യൂമറാണ്. സിഐഡി മൂസ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ്. അതുകൊണ്ടു തന്നെ അപാര ടൈമിംഗാണ്. നമ്മള്‍ കട്ടെന്ന് പറയുന്നത് തന്നെ ചിരിച്ചുകൊണ്ടായിരിക്കും,’ അനൂപ് പറയുന്നു.

സിനിമയില്‍ ഈ ക്യാരക്ടറിനെ മാത്രമാണ് കെട്ടഴിച്ച് വിട്ടതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ തുടങ്ങിക്കഴിഞ്ഞാല്‍ നമ്മളെ സര്‍പ്രൈസ് ചെയ്യിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ജോണിയില്‍ നിന്ന് കിട്ടുമെന്നും അനൂപ് പറഞ്ഞു. അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ദുല്‍ഖര്‍ സല്‍മാനുമായുള്ള ആത്മബന്ധത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെ കുറിച്ചാണ് ഈ കുറിപ്പ്. 2007-ലായിരുന്നു അത്. നഴ്സറി മുതല്‍ എം.എസ്.സി വരെ ഒരേ ക്ലാസില്‍ പഠിച്ച്, വര്‍ഷങ്ങളായി ഒരുമിച്ചു നടന്ന് ഞാനും എന്റെ ഇരട്ട സഹോദരനും ശരിക്കും പരസ്പരം മടുത്തിരുന്നു. ഇനി ഒരു നിമിഷം പോലും ഞങ്ങള്‍ക്ക് പരസ്പരം സഹിക്കാന്‍ പറ്റില്ല എന്നു തോന്നിയ ദിവസം ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിപിടി കൂടാന്‍ തുടങ്ങി. കൈയില്‍ കിട്ടിയ കസേര വെച്ച് എറിഞ്ഞൊക്കെയായിരുന്നു ആ അടിപിടി.

ഞങ്ങള്‍ തമ്മിലുള്ള ഈ വഴക്ക് കാണാന്‍ നല്ല രസമായതു കൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണര്‍ അദ്ദേഹത്തിന്റെ അതിഥികളുമായെത്തി അവര്‍ക്കു ഞങ്ങളെ പരിചയപ്പെടുത്തി. ‘ഞാന്‍ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവര്‍’. അതോടെ പരസ്പരം ദേഹത്തു കൈവെച്ചുള്ള വഴക്ക് ഞാന്‍ അവസാനിപ്പിച്ചു. പിന്നെ എല്ലാം ഇമോഷണല്‍ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാന്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു.

ഈ വര്‍ഷം അത്തരത്തില്‍ ഇമോഷണല്‍ വഴക്ക് നടന്നത് ദുല്‍ഖറിന്റെ അടുത്താണ്. ആദ്യമായി ഞാന്‍ സംവിധായകനായും ദുല്‍ഖര്‍ നിര്‍മ്മാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത്. ഞങ്ങള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്.

എന്റെ ആദ്യ സിനിമ നിര്‍മ്മിച്ചതിനും എളുപ്പത്തില്‍ ക്രൂവിനെ കൈകാര്യം ചെയ്തതിനും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. അത് ഒരുപാട് വലുതാണ്. ഒരു വ്യക്തി നടന്‍+നിര്‍മ്മാതാവ് ആയതില്‍ ഞാന്‍ നിങ്ങളെ ആരാധിക്കുന്നു. ആകര്‍ഷണീയമായി തുടരുക, നിങ്ങള്‍ക്ക് ഒരു സൂപ്പര്‍ഹിറ്റ് ജീവിതം നേരുന്നു എന്നാണ് അനൂപ് പറഞ്ഞിരുന്നത്.

Vijayasree Vijayasree :