ഷമ്മി തിലകനോട് വിശദീകരണം തേടും, ഇതിനായി പ്രത്യേക കമ്മറ്റി, സ്ത്രീകളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്നും മോഹന്‍ലാല്‍

മലയാള താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് അമ്മ. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്‌നപരിഹാരത്തിന് ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചു.

മാത്രമല്ല, സ്ത്രീകളുടെ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി സംഘടനയില്‍ ഉണ്ടെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി അംഗങ്ങള്‍ സംഘടനയില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും കമ്മിറ്റി വേണമെന്ന് സതി ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് മറുപടിയായാണ് മോഹന്‍ലാല്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെന്ന് അറിയിച്ചത്. ഇതിനൊപ്പം ഷമ്മി തിലകനുമായി ബന്ധപ്പെട്ട വിവാദവും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു. ജനറല്‍ ബോഡിയിലെ ദ്യശ്യങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ചതില്‍ ഷമ്മി തിലകനോട് വിശദീകരണം തേടാനും യോഗത്തില്‍ തീരുമാനമായി.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ആണ് യോഗം ആരംഭിച്ചത്. വളരെ നീണ്ടു നിന്ന എക്സിക്യൂട്ടീവ് യോഗം 10 മണിക്ക് ശേഷമാണ് അവസാനിച്ചത്. ജയസൂര്യ, വിജയ് ബാബു, ലാല്‍, ടിനി ടോം, ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, ഇടവേള ബാബു, ശ്വേത മേനോന്‍, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകന്‍ ചര്‍ച്ചകള്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

തുടര്‍ന്നാണ് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ബോഡിയില്‍ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളില്‍ ചിലര്‍ ഉറച്ച് നിന്നു.

Vijayasree Vijayasree :