മാധ്യമങ്ങളെ വിളിച്ചു കൂട്ടി ആരോപണവിധേയനായ ഒരു നടനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ സിദ്ദിഖും കെപിഎസി ലളിതയും.., മുകേഷും ഗണേഷും സിദ്ദിഖുമൊക്കെ എവിടെ? ഇവര്‍ക്കൊന്നും ഇതേക്കുറിച്ച് ഒരക്ഷരം പറയാനില്ലേയെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞഅ നില്‍ക്കുകയാണ് ദിലീപ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ സ്ഥിതിഗതികള്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. നിലവിലെ സാഹചര്യത്തില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളും വെളിപ്പെടുത്തലുകളുമാണ് പുറത്ത് എത്തിയിരിക്കുന്നത്. അതിന്റെ പിന്നാലെയുള്ള പാച്ചിലിലാണ് പോലീസ്.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതോടെ ഇത് വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിച്ചത്. എന്നാല്‍ ഇവിടെയും ദിലീപിനെ ന്യായീകരിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവരിലേയ്ക്കാണ് ശ്രദ്ധ തിരിയുന്നത്.

എന്തെന്നല്‍ നടി ആക്രമിക്കപ്പെട്ട സമയം ദിലീപിനെതിരെ ശക്തമായ പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍, ഇക്കഴിഞ്ഞ ഭാരവാഹി തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നു എന്ന് പറയുന്ന, അമ്മ എന്ന ഈ താരസംഘടന ദിലീപിനൊപ്പം ആണ് എന്നുള്ള വിലയിരുത്തലാണ് ഉണ്ടായത്. അമ്മയിലെ തലത്തൊട്ടപ്പന്‍മാരെല്ലാം ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ആരോപണവിധേയനായ ഒരു നടനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ദിലീപ് നല്ലൊരു മനുഷ്യനാണെന്നുമാണ് നടന്‍ സിദ്ദിഖും നടി കെപിഎസി ലളിതയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. അതൊന്നും മലയാളികള്‍ മറക്കാനിടയില്ല.

നടന്‍ മുകേഷും ഗണേഷും കുക്കു പരമേശ്വരനമൊക്കെ ദിലീപിനൊപ്പം ആയിരുന്നു. ദിലീപിനെതിരെ ഒട്ടേറെ തെളിവുകള്‍ ഉയര്‍ന്നുവന്നിട്ടും സഹപ്രവര്‍ത്തകരില്‍ പലരും അറിഞ്ഞിട്ടോ അല്ലാതെയും ദിലീപിന്റെ പക്ഷം ചേര്‍ന്നു. അമ്മ ദിലീപിന്റെ രാജി എഴുതി വാങ്ങാന്‍ പോലും തയ്യാറായിരുന്നില്ല. പ്രതിഷേധം കനത്തപ്പോള്‍ ദിലീപിന്റെ നിഷ്‌കളങ്കത കൊണ്ട് രാജി ഇങ്ങോട്ട് വെച്ചു എന്നുള്ള സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയത്. അതിനുശേഷം ഒട്ടേറെ പരിപാടികളും ആഘോഷങ്ങളും നടന്നു. ഈ സമയത്തെല്ലാം ദിലീപിനൊപ്പം സൂപ്പര്‍ സ്റ്റാറുകള്‍ ആഘോഷിച്ചു.

എന്നാല്‍, ഇപ്പോള്‍ ഈ കേസ് ഈ അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോള്‍, ഇതിനോട് പ്രതികരിക്കാന്‍ ഇവരാരെയും പരിസരത്തു പോലും കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുകേഷും ഗണേഷും സിദ്ദിഖുമൊക്കെ എവിടെ? ഇവര്‍ക്കൊന്നും ഇതേക്കുറിച്ച് ഒരക്ഷരം പറയാനില്ലേയെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന മറ്റൊരു ചോദ്യം. കേസ് കൈവിട്ടു പോകുമെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ അഭിപ്രായ പ്രകടനത്തിന് നില്‍ക്കാത്തതാണെന്നാണ് വിവരം. ഇത് ഇവരുടെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങ് തടിയാകുമെന്നറിയാം. ദിലീപിനെ രാഷ്ട്രീയ നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. അവരും കേസില്‍ ഉള്‍പ്പെടുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് പുറത്തുപോയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം നടക്കുമ്പോള്‍ വാദി പ്രതിയാകുമോ എന്ന സംശയവുമുണ്ട്. അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തിരുന്നു. ഇതിനിടെ തന്റെ ഭാഗം വിശദീകരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ദിലീപും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് മേധാവിയുടെ പരിഗണനയിലാണ് ഈ പരാതിയെന്നാണ് സൂചന.

ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ഈ പരാതിയില്‍ ഉണ്ട്. ബ്ലാക് മെയില്‍ സ്വഭാവത്തിലുള്ളതാണ് ഈ ഫോണ്‍ സംഭാഷണമെന്നാണ് സൂചന. ഈ തെളിവുകള്‍ കോടതിയിലും ദിലീപ് എത്തിക്കും. വിചാരണയുടെ അന്തിമ ഘട്ടത്തിലെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഡിജിപിക്ക് അടക്കം പരാതി നല്‍കിയത്.

മരണഭയമുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതി മുഖ്യമന്ത്രിയുടെയും അന്വേഷണസംഘത്തിന്റെയും കൈയ്യിലുമുണ്ട്. ജനുവരി നാലിനാണ് കോടതി കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകും വരെ വിചാരണ നടപടി നിര്‍ത്തിവയ്ക്കണമെന്ന അപേക്ഷയിലാണ് തീരുമാനമുണ്ടാകുക. അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരൊക്കെ കണ്ടെന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ പുറത്തുപോയത് ഗൗരവതരമാണ്. ഇത് പോലീസിന് തലവേദനയാണ്. ദൃശ്യത്തിന്റെ പകര്‍പ്പ് പുറത്തുനിന്ന് കണ്ടെത്തുന്ന പക്ഷം ഉത്തരം നല്‍കേണ്ടിവരിക പോലീസാകും. ഈ ദൃശ്യങ്ങള്‍ എങ്ങനെ ചോര്‍ന്നുവെന്നത് നിര്‍ണ്ണായകമാണ്.

Vijayasree Vijayasree :