ഇത് അമിതാഭ് ബച്ചനല്ലല്ലൊ സോനു സൂദ് അല്ലേ..!, ബിഗ് ബി പങ്കുവെച്ച ചിത്രം കണ്ട് കണ്‍ഫ്യൂഷനിലായി ആരാധകര്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്‍. ഇടക്കിടെ തന്റെ പഴയകാല സിനിമകളിലെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ബച്ചന്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 1971ല്‍ റിലീസ് ചെയ്ത രേഷ്മ ഔര്‍ ഷേര എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ലുക് ടെസ്റ്റിന്‍േറതായിരുന്നു ചിത്രം.

തലയില്‍ വലിയ തലപ്പാവും ഒപ്പം മാലകളും കമ്മലുകളും അണിഞ്ഞുകൊണ്ടുള്ള ഒരു രാജസ്ഥാനിയുടെ വേഷത്തിലാണ് ബച്ചന്‍ ചിത്രത്തിലുള്ളത്. ”രേഷ്മ ഔര്‍ ഷേര എന്ന ചിത്രത്തിന് വേണ്ടിയുള്ള എന്റെ ലുക്‌ടെസ്റ്റ്… ശരിക്കും ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു…”എന്നാണ് ബച്ചന്‍ ചിത്രത്തിന് അടിക്കുറിപ്പായി എഴുതി. ബിഗ് ബിയുടെ അപൂര്‍വ്വമായ ചിത്രത്തിന് സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍, ചിലര്‍ ചിത്രം ആഘോഷിക്കുന്നതും പ്രചരിപ്പിക്കുന്നതും മറ്റൊരു കാര്യത്താലാണ്. ബച്ചന്റെ യൗവന കാലത്തെ രൂപം നടന്‍ സോനു സൂദിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് അവര്‍ പറയുന്നത്. ‘താങ്കളെ കാണാന്‍ സോനു സൂദിനെ പോലുണ്ട്…’ ‘ഒരാള്‍ കമന്റായി എഴുതി. ഒറ്റനോട്ടത്തില്‍ സോനു സൂദ് ആണെന്നേ പറയൂ’ എന്നായിരുന്നു മറ്റൊരു കമന്റ്. തന്നെ ബച്ചനുമായി താരതമ്യം ചെയ്ത ഒരു ആരാധകന് സോനു സൂദ് സ്‌നേഹപൂര്‍വ്വം മറുപടിയും നല്‍കുകയുണ്ടായി.

‘ഇപ്പോഴുള്ള പ്രതിസന്ധിയെല്ലാം മാറി എല്ലാം സാധാരണനിലയിലാകുമ്പോള്‍ താങ്കള്‍ ഷൂട്ടിങ്ങില്‍ നിന്ന് ഞായറാഴ്ച്ചകളില്‍ അവധിയെടുക്കേണ്ടിവരും… ആളുകള്‍ നിങ്ങളെ തേടി വരും… നിങ്ങളുടെ വീട് എവിടെയാണെന്ന് ചോദിക്കും… സോനു സൂദാണ് അടുത്ത അമിതാഭ്….’ ഇങ്ങനെയായിരുന്നു ഒരു ആരാധകന്റെ കമന്റ്. അവരെന്തിനാണ് എന്റെ വീട്ടിലേക്ക് വരുന്നതെന്നും പകരം ഞാന്‍ അവരുടെ വീടുകളിലേക്ക് പോകുമെന്നുമായിരുന്നു അതിന് സോനു സൂദ് നല്‍കിയ മറുപടി.

Vijayasree Vijayasree :