രാക്ഷസന്‍2 വിന് മുമ്പ് ‘മിഷന്‍ സിന്‍ഡ്രല്ല’ എത്തുന്നു, നായകനായി അക്ഷയ് കുമാര്‍

ഏറെ സൂപ്പര്‍ഹിറ്റ് ആയി മാറിയ തമിഴ് ചിത്രമാണ് രാക്ഷസന്‍. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മിഷന്‍ സിന്‍ഡ്രല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് അക്ഷയ് കുമാര്‍ ആണെന്നാണ് വിവരം. അമല പോള്‍ അവതരിപ്പിച്ച കഥാപാത്രമായി രാകുല്‍ പ്രീത് ആണ് എത്തുന്നത്.

അക്ഷയ് കുമാര്‍ ചിത്രം ബെല്‍ ബോട്ടത്തിന്റെ സംവിധായകനായ രഞ്ജിത് എം. തിവാരിയാകും രാക്ഷസന്‍ ഹിന്ദിയില്‍ ഒരുക്കുന്നത്.
2018 ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. തിയറ്ററുകളില്‍ നിറഞ്ഞോടിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് രാക്ഷസന്‍. വിഷ്ണു വിശാലിനെ നായകനാക്കി രാംകുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വിഷ്ണുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഇത്.

ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക ആയി എത്തിയത്. തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്നെ സൈക്കോ വില്ലനായത്.

അതേസമയം, ബിഗ് ബജറ്റില്‍ രാക്ഷസന്‍2 അടുത്തു തന്നെ തുടങ്ങുമെന്ന് വിഷ്ണു വിശാല്‍ അടുത്തിടെ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. ധനുഷിനൊപ്പമുള്ള സംവിധായകന്റെ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ഈ സിനിമ തുടങ്ങുക. താന്‍ രാക്ഷസന്‍2 വിന്റെ ആവേശത്തിലാണെന്നും വിഷ്ണു പറഞ്ഞിരുന്നു. 2022 ല്‍ ചിത്രം ആരംഭിക്കുമെന്നാണ് വിവരം.

Vijayasree Vijayasree :