രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത സംവിധായിക ഐഷ സുല്‍ത്താനക്ക് പിന്തുണയറിച്ച് നടി ഉഷ. ലക്ഷദ്വീപിനെ കുറിച്ച് ഉഷ തന്നെ പാടിയ ഒരു മാപ്പിളപാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരം പിന്തുണ അറിയിച്ചത്. ‘കണ്ടില്ലെ അതിശയ കഥയേറെ പറയുന്ന നമ്മുടെ സ്വന്തം ലക്ഷദ്വീപ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ മാപ്പിളപ്പാട്ട് രചയ്താവും കവിയുമായ നാസറുദ്ധീന്‍ മണ്ണാര്‍ക്കാട് ആണ് രചിച്ചിരിക്കുന്നത്. പഴയൊരു മാപ്പിളപ്പാട്ടിന് ഈണത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
‘കലാകാരി ഐഷ സുല്‍ത്താനക്കും ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം പ്രഘ്യാപിച്ചുകൊണ്ട് ഞാന്‍ ആലപിച്ച ഒരു പാട്ടാണിത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ളതും ഞാന്‍ നിരവധി വേദികളില്‍ പടിയിട്ടുള്ളതുമായ പഴയ ഒരു മാപ്പിളപാട്ടിന്റെ ഈണത്തില്‍ എന്റെ സുഹൃത്തും യുവ മാപ്പിള പാട്ട് കവിയുമായ ശ്രീ. നാസറുദ്ധീന്‍ മണ്ണാര്‍ക്കാട് ആണ് രചന നിര്‍വഹിച്ചത്. ഹെഡ്ഫോണ്‍ വെച്ച് കേള്‍ക്കണേ’ എന്നാണ് ഉഷ ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഐഷ സുല്‍ത്താന്‍ ബയോവെപ്പണ്‍ എന്ന പ്രയോഗം നടത്തിയത്. ലക്ഷ്യദ്വീപില്‍ ജൈവായുധ പ്രയോഗം നടത്തിയെന്നായിരുന്നു ഐഷ പറഞ്ഞത്. പിന്നാലെ സംഘപരിവാര്‍ അനൂകൂലികള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ഐഷക്കെതിരെ ആക്രമണം അഴിച്ചുവിട്ടു്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.