നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലണ്ടനില്‍ വന്‍ തുകയ്ക്ക് വിറ്റുവെന്ന് സ്ഥിരീകരിക്കാത്ത വിവരം; നല്ല പണം കിട്ടിയാല്‍ മാത്രമേ ഇത് കൈമാറൂ എന്ന് ലണ്ടനിലുള്ള ആലുവ സ്വദേശി

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്നത് നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനുള്ള പങ്കും കാര്യങ്ങളുമാണ്. ജനപ്രിയ നായകന്‍ എന്ന പദവിയിലുള്ള ദിലീപിന്റെ വില്ലന്‍ പരിവേഷമാണോ ഇനി കാണേണ്ടത് എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ ചര്‍ച്ചയാണ് എങ്ങും പുരോഗമിക്കുന്നത്. ദിനം പ്രതി നിരവധി വിവരങ്ങളാണ് പുറത്തെത്തുന്നതും. ഈ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ട് കിട്ടാനുള്ള തന്ത്രപ്പാടിലാണ് പോലീസ്.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ലണ്ടനില്‍ വന്‍ തുകയ്ക്ക് വിറ്റുവെന്നാണ് വിവരം. ഈ വിവരം അറിയിച്ചു കൊണ്ട് നാല് ലണ്ടന്‍കാര്‍ മീഡിയയെ സമീപിച്ചുവെന്നാണ് വിവരം. ആലുവയില്‍ താമസിക്കുന്ന ഷെരീഫ് ആണ് വിവരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നല്ല പണം കിട്ടിയാല്‍ മാത്രമേ ഇത് കൈമാറൂ എന്നാണ് ഷെരീഫ് പറയുന്നത്. ബാലചന്ദ്രകുമാറും ഡീലിംഗ് വെച്ചു എങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ വന്നതോടെ മറ്റ് പലരുമായും ഇയാള്‍ ഇത്തരത്തില്‍ ഡീലിംഗ്സ് വെച്ചുവെന്നാണ് വിവരം. ഇത് ഫേക്ക് അല്ലെന്ന് അറിയിക്കാനാണ് താന്‍ തന്റെ സ്വന്തം നമ്പരില്‍ നിന്ന് വിളിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ നിരവധി പേരുടെ കയ്യിലെത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ നേരത്തെ തന്നെ പറയുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്നും ഷെരീഫ് എന്ന വ്യക്തി തന്നെ വിളിക്കുകയും യുകെയില്‍ അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളുടെ കയ്യില്‍ നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളുണ്ടെന്നും അതില്‍ നാല് വീഡിയോ ക്ലിപ്പുകളില്‍ ഒരെണ്ണം ഷെരീഫ് എന്ന് പറയുന്ന വ്യക്തി ഇട്ട് കണ്ടുവെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ഷെരീഫ് ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ച് വിളിച്ചാണ് ഈ വിവരം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് വഴിയാണ് യുകെയിലുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതെന്നാണ് ഷെരീഫ് പറഞ്ഞത്. നിലവില്‍ വീഡിയോ ദൃശ്യങ്ങള്‍ കയ്യിലുള്ളവര്‍ ഒരു വര്‍ഷം മുമ്പ് വീഡിയോ കിട്ടിയപ്പോള്‍ ദിലീപിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഷെരീഫ് എന്നയാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഈ വീഡിയോ കണ്ടതെന്നും ഇത് പോലീസിനെ അറിയിക്കണമെന്നുമാണ്രേത ബാലചന്ദ്രകുമാറിനോട് പറഞ്ഞത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് അന്വേഷണസംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ശരതിന്റെ ഫോണ്‍ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

താന്‍ വിഐപിയെന്ന് സംശയിക്കുന്നവരില്‍ ശരത്തിന്റെ പേരും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ് നിര്‍മിച്ച സിനിമയുടെ ധനസഹായ പങ്കാളി കൂടിയായിരുന്നു ശരത്ത്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്. കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. മാത്രമല്ല, ദിലീപിന്റെ സഹോദരിയുടെ മകന്‍ ശരത് അങ്കിള്‍ വന്നിട്ടുണ്ടെന്നു പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.

Vijayasree Vijayasree :