എനിക്ക് 15 വയസുള്ളപ്പോള്‍ ഞാന്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്, മയക്കുമരുന്നും ലൈംഗികത്തൊഴിലും വിലക്കാതിരിക്കൂ; ആരും പുണ്യാളന്‍മാരല്ല, ഈ കുട്ടിയെ വീട്ടില്‍ പോകാന്‍ അനുവദിക്കൂവെന്ന് നടി സോമി അലി

കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായത്. ഇതിനു പിന്നാലെ നിരവധി പേരാണ് ആര്യനെ പിന്തുണച്ച് എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ആര്യന്‍ ഖാന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി സോമി അലി. ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണം എന്നുമാണ് സോമി അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

സോമി അലിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്;

ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത്. ഈ കുട്ടിയെ വീട്ടില്‍ പോകാന്‍ അനുവദിക്കൂ. മയക്കുമരുന്നും സമാനമായി ലൈംഗികത്തൊഴിലും ഒരിക്കലും ഇവിടെ നിന്നു പോവുകയില്ല. അതിനാല്‍ ഇവയെ നിയമപരമായി വിലക്കാതിരിക്കൂ. ആരും പുണ്യാളന്‍മാരല്ല. എനിക്ക് 15 വയസുള്ളപ്പോള്‍ ഞാന്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്.

ആന്തോളന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ ഭാരതിയ്‌ക്കൊപ്പം വീണ്ടും. എനിക്കതില്‍ കുറ്റബോധമില്ല. നിയമസംവിധാനങ്ങള്‍ കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ ഉത്സാഹം കാണിക്കണം. 1971 മുതല്‍ അമേരിക്ക മയക്കുമരുന്നിനെതിരെ പോരാട്ടം നടത്തുകയാണ്.

എന്നിട്ടും ഇന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അത് ലഭ്യമാണ്. എന്റെ ഹൃദയം ഷാരൂഖ് ഖാനും ഗൗരിക്കുമൊപ്പമാണ്. ആര്യന്‍, നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് നീതി ലഭിക്കും.

അതേസമയം, ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു.

Vijayasree Vijayasree :