ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ബെല്ബോട്ടമിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്ലര് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നടി ലാറ ദത്തയുടെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയാകുന്നത്. കഥാപാത്രത്തെക്കുറിച്ച് ബെല്‍ ബോട്ടം ട്രെയ്ലര് ലോഞ്ചിനിടയില്‍ നടിയുടെ പ്രതികരണം ഏറെ വൈറലായിരുന്നു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെയാണ് ലാറ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
‘ ഈ സിനിമയിലെ എന്റെ കഥാപാത്രത്തെ തിരിച്ചറിയുന്നവര്‍ക്കും കുടുംബത്തിനും സിനിമയുടെ ടിക്കറ്റ് ഫ്രീയായി നല്‍കാം’,എന്നാണ് ലാറ ദത്ത പറഞ്ഞത്. എന്നാല്‍ കഥാപാത്രത്തെ കണ്ടുപിടിക്കാന്‍ ആര്‍ക്കും സാധിക്കാത്തത് മൂലം നടി തന്നെ താന്‍ ഇന്ദിരാഗാന്ധിയെയാണ് അവതരിപ്പിക്കുന്നത് എന്ന് അറിയിച്ചു. ഓഗസ്റ്റ് 19നാണ് ബെല്‍ബോട്ടം തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുന്നത്.
എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. റോ ഏജന്റിന്റെ വേഷത്തിലായിരിക്കും അക്ഷയ്കുമാര്‍ എത്തുക. രഞ്ജിത് എം തിവാരിയാണ് സംവിധാനം.വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡെന്‍സില്‍ സ്മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജീവ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്. അസീം അറോറ, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഗീതം തനിഷ്ക് ബാഗ്ച്ചി. പൂജ എന്റര്ടെയ്ന്മെന്റ്, എമ്മെ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില്‍ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവരാണ് നിര്‍മ്മാണം.