സിനിമയ്ക്ക് ആവശ്യമായ ധന സഹായം ലഭിച്ചിട്ടില്ല; വന്നിരിക്കുന്നതില്‍ വലിയ തുകകള്‍ കുറവാണെന്ന് അലി അക്ബര്‍

1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയ്ക്ക് ആവശ്യമായ ധന സഹായം ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. വളരെ ചെറിയ തുകയാണ് കൂടുതലും വന്നിരിക്കുന്നത്. വലിയ തുകകള്‍ വന്നിരിക്കുന്നത് കുറവാണ് അതുകൊണ്ട് ഇനിയും സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണെന്നും അലി അക്ബര്‍ പറയുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ജനങ്ങള്‍ തന്ന ചെറിയ തുകയുടെ ബലത്തിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം കോടിക്കണക്കിന് ജനങ്ങള്‍ കാണും. ശരീരം കൊണ്ടും മനസുകൊണ്ടും പൂര്‍ത്തീകരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സിനിമയായിരിക്കും പുഴ മുതല്‍ പുഴ വരെയെന്നും അലി അക്ബര്‍ വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോറാണ് അലി അക്ബര്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.

പാനസോണിക് ലൂമിക്സ് ട1ഒ 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 1992ല്‍ അലി അക്ബറിന്റേതായി പുറത്തിറങ്ങിയ ‘മുഖമുദ്ര’ എന്ന സിനിമയുടെ ക്ലാപ് ബോര്‍ഡ് ആയിരിക്കും ചിത്രത്തിന് ഉപയോഗിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു.

Vijayasree Vijayasree :